രാമായണവും ശീവോതിയ്ക്കുവയ്ക്കലും

Friday 12 August 2022 12:00 AM IST

രാമായണമാസാചരണത്തോടനുബന്ധിച്ച് നന്മയെ ആരാധിക്കുന്ന

വലിയ ഒരു ആശയത്തിന്റെ പ്രതീകമാണ് ശീവോതിക്കുവയ്ക്കൽ; പഴമക്കാർ കർക്കടകത്തിന്റെ ദുർഘടങ്ങളെ മറികടക്കാൻ വേണ്ടി ചെയ്തുവന്നിരുന്നതാണ്. മിഥുനം കഴിഞ്ഞാൽ വ്യസനം തീർന്നു ;
എന്നൊരു പഴമൊഴിയുണ്ട്. വരാനിരിക്കുന്ന ഒരു നല്ലകാലത്തിന്റെ
തുടക്കമെന്ന നിലയിലാണ് പഞ്ഞമാസം എന്ന കർക്കടകത്തെ ആളുകൾ കാണുന്നത്.

സർവ ഐശ്വര്യങ്ങളുടെയും ദേവിയായ ശ്രീഭഗവതിയെ പ്രസാദിപ്പിക്കാൻ നടത്തുന്ന ആചാരമാണ് ശീവോ
തിയ്ക്ക്‌വയ്ക്കൽ ചടങ്ങ്. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ച് വാൽക്കണ്ണാടിയും ദശപുഷ്പങ്ങളും രാമായണഗ്രന്ഥവുമെല്ലാം ഒരുക്കിയാണ് ശീവോതിക്ക് വയ്ക്കുന്നത്. നാട്ടിൻപുറങ്ങളിൽ സുലഭമായിരുന്ന ദശപുഷ്പങ്ങളായ പൂവാംകുറുന്നില, മുയൽ ചെവിയൻ, കറുക, നിലപ്പന, കഞ്ഞുണ്ണി, വിഷ്ണുക്രാന്തി,
ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. രാവിലെ ശീവോതിക്ക് വയ്ക്കലും ത്രിസന്ധ്യ
യോടെ രാമായണ പാരായണവും ചേർന്ന് കർക്കിടക ദുരിതങ്ങളെ പഴമക്കാർ മറികടന്നിരുന്നു.
ത്രേതായുഗത്തിൽ എഴുതപ്പെട്ട ശ്രീരാമകഥ നിത്യനൂതനമായി ജനഹൃദയങ്ങളിൽ സ്ഥിതിചെയ്യാനുള്ള പ്രധാന കാരണം അതിലെ ആദർശപരതയും ഉദാരതയും ഉത്കൃഷ്ടതയുമാണ്. നിഷാദന്റെ കൊടുംക്രൂരതകണ്ട് വിഷാദനായ വാത്മീകിയുടെ മുന്നിൽ ബ്രഹ്മദേവനും നാരദമഹർഷിയും പ്രത്യക്ഷപ്പെട്ട് ശ്രീരാമകഥ രചിക്കാൻ ഉപദേശിച്ച് അനുഗ്രഹിച്ചു; വിദ്യുത്‌സമാനമായ ജീവിതത്തിലെ തുലോം തുച്ഛമായ അധികാരപ്രൗഢികൊണ്ട് എല്ലാം കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന രാവണത്വം നിഷേധിക്കാനും നിരോധിക്കാനും അവതരിക്കുന്ന,​ നീതിയുടെ സംരക്ഷക ചൈതന്യത്തെ പ്രകീർത്തിക്കുന്ന രാമായണം ധാർമ്മികതയുടെ വശ്യതയും സ്‌നേഹത്തിന്റെ ധന്യതയും ത്യാഗത്തിന്റെ പൂർണതയും ചേർന്ന് തിളങ്ങുന്നു.
സഹനം സർവദുഃഖാനാം ; എന്ന ആദർശം സീത വരച്ചുകാട്ടുന്നു. പതിയെ സവിനയം അനുഗമിക്കുകയാണ് പതിവ്രതയുടെ ലക്ഷ്യം. തിന്മയെ നന്മകൊണ്ട് തോല്പിക്കുക എന്ന് രാമൻ പഠിപ്പിക്കുന്നു.
രാജ്യത്തിന്റെ ധർമ്മം 'ഉത്തമമായ' ഉത്തരത്തിലിരിക്കണം എന്നുബോദ്ധ്യമുള്ളതു കൊണ്ട് അത് ബഹുജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ച ഉത്തമ ഭരണാധികാരിയാണ് ശ്രീരാമൻ. ഇതിഹാസമായ രാമായണത്തിൽ നമുക്ക്
ഓരോരുത്തർക്കും സ്വയം പ്രതിഷ്ഠിക്കാൻ കഴിയും. രാമായണം വായിക്കുമ്പോൾ നാമോരോരുത്തരും ശ്രീരാമനായി മാറുന്നുവോ എന്ന് തോന്നിപ്പോകും. മാനുഷിക സുഖദുഃഖ വിചാരങ്ങളെ മനുഷ്യവംശത്തിന് വിവരിച്ചു കൊടുക്കുന്നതാണ് വാത്മീകിരാമായണം. ബ്രഹ്മാണ്ഡപുരാണത്തെ അവലംബിച്ച് ഭക്തിയുടെ ദൃഷ്ടിയോടെ വിവരിക്കുന്നതാണ് അദ്ധ്യാത്മരാമായണം. കാലത്തിന് അതീതമായ രാമായണകഥ കമ്പർ വരച്ചുകാണിച്ചിട്ടുണ്ട്.
സൂര്യൻ ദക്ഷിണദിക്കിലേക്ക് അയനം ചെയ്യുന്ന കർക്കടകം, ഒരു ദക്ഷിണായനവും (രാത്രിയും) ഒരു ഉത്തരായനവും (പകലും) ചേർന്നതാണ്. ഈ പ്രപഞ്ചത്തിന്റെ ഒരു ദിവസം എന്നതാണത്. മലയാളവർഷത്തിന്റെ അവസാനമാസമാണ് കർക്കടകം. കാർഷികവൃത്തിയെ ആശ്രയിച്ച് ജീവിച്ചിരുന്ന പഴമക്കാർ പാടങ്ങളിൽ വിതച്ചും കൊയ്തും മറ്റ് കൃഷികൾ ചെയ്തും ജീവിച്ചുപോന്നു. പിന്നീട് കർക്കടകത്തിലെ ദുർഘടങ്ങളിൽനിന്നും ശാന്തിയുടെയും സമൃദ്ധിയുടെയും മാനസിക ഉത്ക്കർഷത്തിനായി രാവകന്ന് വെളിച്ചം വരാൻ രാമനാമം എന്നപോലെ പ്രാർത്ഥനാ നിമഗ്നമാകുന്ന മനസ്സുകളിൽ രാമായണശീലുകൾ ഒരു നവ്യാനുഭൂതി സൃഷ്ടിക്കുന്നു.

Advertisement
Advertisement