പരിയാരം വിദേശപ്പഴങ്ങളുടെ കേദാരം

Friday 12 August 2022 12:08 AM IST
പരിയാരത്തെ മെർളിൻ്റെ തോട്ടത്തിലെ റംബുട്ടാൻ

തൃശൂർ: ജാതി, വാഴക്കൃഷിയിൽ നിന്ന് വിദേശ പഴക്കൃഷിയിലേക്ക് മാറുകയാണ് ചാലക്കുടി പരിയാരത്തെ കർഷകർ. ഇന്തോനേഷ്യൻ, മലേഷ്യൻ സ്വദേശികളായ മങ്കോസ്റ്റീനും റംബൂട്ടാനുമാണ് താരങ്ങൾ. 100 മുതൽ 200 ഹെക്ടർ വരെയാണ് നാളിതുവരെയുള്ള ജാതി, വാഴ, തെങ്ങ് കൃഷി. എന്നാൽ ഏഴ് വർഷത്തിനുള്ളിൽ റംബൂട്ടാൻ 100 ഹെക്ടറും മങ്കോസ്റ്റിൻ 70 ഹെക്ടറുമായി. കയറ്റുമതി ചെയ്യുന്നവർക്ക് ഏക്കർകണക്കിന് തോട്ടവുമുണ്ട്.

പുരയിടങ്ങളിലുള്ള സ്ഥലത്ത് പഴക്കൃഷി ചെയ്യുന്നവരും ധാരാളം. അവ്ക്കഡോ, ഡ്രാഗൺ കൃഷി ചെയ്യാൻ ഒരുങ്ങുന്നവരുമുണ്ട്. പരിയാരത്തെ 2,469 ഹെക്ടർ കൃഷിഭൂമിയിൽ മൂന്നിലൊന്ന് പഴക്കൃഷിയാണ്. ഇത് കൂടുതൽ മെച്ചപ്പെടുത്താൻ സർക്കാരും ആലോചിക്കുന്നു.

മികച്ച വരുമാനം, കുറഞ്ഞ ചെലവ്, കയറ്റുമതി സാദ്ധ്യത, സബ്‌സിഡി എന്നിവയാണ് കർഷകരെ ആകർഷിക്കുന്നത്. പ്രാദേശിക വിൽപ്പനയ്ക്ക് പുറമെ കൊച്ചി, ആലുവ, മലപ്പുറം എന്നിവിടങ്ങളിലെ കച്ചവടക്കാരും പഴങ്ങൾ വാങ്ങുന്നുണ്ട്. തോട്ടം മൊത്തം വാങ്ങുന്നവരുമുണ്ട്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് അതിരപ്പിള്ളി മേഖലയിലും വിൽപ്പനയുണ്ട്. സൂപ്പർമാർക്കറ്റുകളിൽ നല്ല ഡിമാൻഡാണ്. ഡൽഹി, മുംബയ്, ബംഗളൂരു, ഹൈദരാബാദ്, ഇൻഡോർ, പൂനെ എന്നിവിടങ്ങളിലേക്കും കയറ്റി അയക്കുന്നു.

മേയ് അവസാനം മുതൽ ജൂലായ് വരെയാണ് സീസൺ. വർഷത്തിൽ കയറ്റുമതി ഉൾപ്പെടെ ഏകദേശം 7.25 കോടിയുടെ കച്ചവടമുള്ളതായാണ് വിവരം. ചെറുതും വലുതുമായി 400 ഓളം കർഷകരുണ്ട്. ഒരേക്കറിൽ അധികമുള്ളവർ 150 ഓളം. ലാഭമറിഞ്ഞാണ് കർഷകർ പഴക്കൃഷിയിലേക്ക് വന്നത്. ചെറുതായി തുടങ്ങിയവരും കൃഷി വ്യാപിപ്പിച്ചു. അര ഏക്കറിൽ നിന്ന് സീസണിൽ മൂന്നു ലക്ഷം വരെ ലഭിക്കാം.

മാങ്കോസ്റ്റിൻ

ആറാം വർഷം കായ്ക്കും. 10 കൊല്ലമായ മരത്തിൽ നിന്ന് 100 കിലോ പ്രതീക്ഷിക്കാം. 8 ദിവസം കേട് വരാതിരിക്കും.


റംബൂട്ടാൻ

3 കൊല്ലം കൊണ്ട് കായ്ക്കും. 10 കൊല്ലമായ മരത്തിൽ നിന്ന് 200 കിലോ പ്രതീക്ഷിക്കാം. 3 ദിവസം വരെ കേടാകില്ല. മരങ്ങൾക്ക് പ്രായമേറമ്പോൾ കായ്ഫലം കൂടും.

സീസൺ തുടക്കത്തിലെ വില

(കിലോയ്ക്ക്)

മാങ്കോസ്റ്റിൻ - 400 രൂപ വരെ.
റംബൂട്ടാൻ - 300 വരെ.


ശരാശരി വില

(കിലോയ്ക്ക്)
മാങ്കോസ്റ്റിൻ - 200.

റംബൂട്ടാൻ 160-175.

സബ്‌സിഡി

(ഹെക്ടറിന്)

റംബൂട്ടാൻ, അവ്ക്കാഡോ, മാങ്കോസ്റ്റിൻ - 18,000.
ഡ്രാഗൺ - 30,000.
റംബൂട്ടാൻ വിലയ്ക്ക് - 35 രൂപ

(ചതുരശ്ര മീറ്ററിന്)

പഴക്കൃഷിക്ക് പറ്റിയ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ്. ആദ്യം വിളവെടുക്കുന്നതിനാൽ വില കൂടുതൽ കിട്ടും.


ടീന, കൃഷി ഓഫീസർ

ജാതിക്കൃഷിയേക്കാൾ നാലിരട്ടി വരുമാനമുള്ളതിനാൽ മാങ്കോസ്റ്റീനിൽ കൂടുതൽ ശ്രദ്ധിക്കുന്നു.


മെർളിൻ

എട്ട് കൊല്ലമായി 50 റംബൂട്ടാനുണ്ട്. സീസണിൽ രണ്ടര ലക്ഷം കിട്ടും.


ഫ്രാൻസിസ്.

Advertisement
Advertisement