രണ്ടിടത്ത് ലോറികൾ തകരാറിലായി കുടുങ്ങി, മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

Friday 12 August 2022 12:13 AM IST
ചാലക്കുടി ക്രസന്റ് സ്കൂളിന് സമീപം കേടായിക്കിടക്കുന്ന കണ്ടെയ്നർ ലോറി.

ചാലക്കുടി: ദേശീയ പാതയിൽ രണ്ടിടത്ത് ലോറികൾ കേടായി കിടന്നത് മൂലം മണിക്കൂറുകളോളം ഗതാതക്കുരുക്ക്. കപ്പൽ നിർമ്മാണ കേന്ദ്രത്തിലേക്ക് സാമഗ്രികളുമായി പോയ കണ്ടെയ്‌നർ ലോറി ക്രസന്റ് സ്‌കൂൾ പരിസരത്തും ചരക്കുലോറി സൗത്ത് ജംഗ്ഷനിലെ മേൽപ്പാലത്തിലുമാണ് കിടന്നത്.

കൊച്ചിയിലേക്ക് പോയിരുന്ന കണ്ടെയ്‌നർ ലോറിയുടെ ബ്രേക്ക് തകരാറിലാകുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇതിന്റെ തൊട്ടുപിന്നിൽ വന്ന മറ്റൊരു കണ്ടെയ്‌നർ ലോറിയും ഇതോടെ മുന്നോട്ടുപോകാനാകാതെ കുടുങ്ങിക്കിടന്നു. രാവിലെ ഏഴുമുതൽ മൂന്ന് മണിക്കൂർ നേരമുണ്ടായ രൂക്ഷമായ ഗതാഗത കുരുക്കിൽ എറാണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർ നട്ടം തിരിഞ്ഞു.

വാഹനങ്ങൾ സർവീസ് റോഡിലൂടെയാണ് തിരിച്ചു വിട്ടത്. പോട്ട സിഗ്‌നൽ ജംഗ്ഷനിൽ നിന്നും ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങൾ പോയതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. ഇതിനിടെ രാവിലെ മേൽപ്പാലത്തിൽ തൃശൂർ ഭാഗത്തേക്ക് പോയിരുന്ന മറ്റൊരു ലോറിയും അപകടത്തിൽപ്പെട്ടു. പിൻഭാഗത്ത് ബൈക്ക് വന്നിടിച്ച് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടുകയായിരുന്നു. പുറത്തേയ്ക്ക് ഡീസൽ ഒഴുകിയത് പരിഭ്രാന്തി പരത്തി.

പിന്നീട് ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. റോഡിൽ വീണ ഡീസൽ അവർ കഴുകിക്കളഞ്ഞു. ഇതോടെ ദേശീയപാതയുടെ പടിഞ്ഞാറും ഭാഗത്തും ഗതാഗതക്കുരുക്കായി. രാവിലെ പത്തോടെ ഇരുവാഹനങ്ങളും അപകട സ്ഥലങ്ങളിൽ നിന്നും കൊണ്ടുപോയി.

  • സർവീസ് റോഡുകളുടെ കുഴിയടയ്ക്കൽ ഇനിയും ബാക്കി

ചാലക്കുടി: കോടതി ഇടപെടലിനെത്തുടർന്ന് ദേശീയ പാതയിൽ നടക്കുന്ന കുഴിയടയ്ക്കൽ വ്യാഴാഴ്ചയും തുടർന്നു. കൊരട്ടിയിലെ പൊങ്ങം ഭാഗത്തായിരുന്നു ഇന്നലെ അറ്റകുറ്റപ്പണികൾ നടന്നത്. കഴിഞ്ഞ രാത്രിയും പ്രവർത്തനങ്ങൾ നടന്നു.

അതേസമയം സർവീസ് റോഡുകളിലെ കുഴിയടയ്ക്കൽ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. പോട്ട കവലയിലെ കുഴിയടയ്ക്കൽ വ്യാഴാഴ്ച രാവിലെ ആരംഭിച്ചു. എന്നാൽ ഇവിടെ റോഡിന്റെ വശം തകർന്നു കിടക്കുന്നത് നേരെയാക്കാൻ കരാറുകാർ മിനക്കെട്ടില്ല. വീതി കുറഞ്ഞ റോഡിൽ ഇതുമൂലം അപകട സാദ്ധ്യത വർദ്ധിക്കുന്നുണ്ട്.

പോട്ട മേൽപ്പാലത്തിന് പടിഞ്ഞാറു ഭാഗത്തുള്ള സർവീസ് റോഡ് ഇപ്പോഴും പഴയപടി തന്നെ. ചാലക്കുടി മേൽപ്പാലത്തിന്റെ സർവീസ് റോഡ് കഴിഞ്ഞ രാത്രി ടാറിംഗ് നടത്തി. ഇവിടെ എല്ലാഭാഗത്തും മികച്ച രീതിയിൽ റീടാറിംഗ് നടത്തിയിട്ടുണ്ട്.

Advertisement
Advertisement