ഡി വൈ എഫ് ഐ യാേഗത്തിൽ പ്രസി​ഡന്റും ട്രഷററും തമ്മിൽ സിനിമാസ്റ്റൈൽ തമ്മിലടി, അടിപിടി നടന്നത് സി പി എം ലോക്കൽ കമ്മി​റ്റി ഓഫീസിൽ, ഒടുവിൽ സംഭവിച്ചത്

Friday 12 August 2022 9:45 AM IST

ചേർത്തല: ഡി.വൈ.എഫ്.ഐ ചേർത്തല ടൗൺവെസ്​റ്റ് മേഖല കമ്മി​റ്റി യോഗത്തിനിടെയുണ്ടായ അടിപിടിയെത്തുടർന്ന് മേഖല പ്രസിഡന്റ് സന്തു കാർത്തികേയനെയും ട്രഷറർ വിഷ്ണു രവിയേയും മൂന്നുമാസത്തേക്കു സസ്‌പെൻഡു ചെയ്തു. ജില്ലാസെക്രട്ടറി ആർ.രാഹുലിന്റെ സാന്നിദ്ധ്യത്തിൽ നടന്ന മണ്ഡലം കമ്മി​റ്റി യോഗത്തിലാണ് തീരുമാനം.


സമൂഹമാദ്ധ്യമങ്ങളിലൂടെ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയതിനാണ് വിഷ്ണു രവിക്കെതിരെ നടപടി. ഇയാളെ ആക്രമിച്ചത്തിനാണ് പ്രസിഡന്റ് സന്തു കാർത്തികേയനെ സസ്‌പെൻഡ് ചെയ്തത്. ബ്ലോക്ക് കമ്മി​റ്റിയംഗം ആശാഗോപന് പ്രസിഡന്റിന്റെ താത്കാലിക ചുമതലനൽകി. മൂന്നുമാസത്തി​നുശേഷം ഇരുവരുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി തുടർ നടപടി തീരുമാനിക്കും.

കഴിഞ്ഞ 27ന് സി.പി.എം ലോക്കൽ കമ്മി​റ്റി ഓഫീസിൽ നടന്ന ചേർത്തല ടൗൺ വെസ്​റ്റ് മേഖല കമ്മി​റ്റിയോഗത്തിലാണ് സംഘർഷമുണ്ടായത്.പരിക്കേ​റ്റ വിഷ്ണുരവി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പൊലീസിലും പരാതി നൽകിയിട്ടുണ്ട്. വായപൊട്ടി ചോരയൊലിക്കുകയും തോളെല്ലിനു ഇടർച്ചയുണ്ടായെന്നും സമൂഹമാദ്ധ്യമങ്ങളിൽ വി​ഷ്ണു കുറിപ്പുകൾ നൽകിയിരുന്നു. മേഖല കമ്മി​റ്റിയിലെ സംഘടനാ വിഷയങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാക്കി​യ തർക്കത്തെ തുടർന്നാണ് ആക്രമമെന്നാണ് വിവരം. വിഷ്ണുരവി നേരത്തെ വെസ്റ്റ് കമ്മി​റ്റി മേഖല സെക്രട്ടറി ആയിരുന്നു. അക്രമത്തിനിരയായിട്ടും നേതൃത്വം നടപടിയെടുത്തില്ലെന്നുകാട്ടി സംഘടന വിടുന്നതായുള്ള കുറിപ്പാണ് വിഷ്ണുവിന്റേതായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.