ക്ഷേത്രത്തിലെ പണം കവർന്ന് രക്ഷപ്പെടുന്നതിനിടെ കെട്ടിടത്തിന് മുകളിൽനിന്നുവീണ് കാലൊടിഞ്ഞ പ്രതി പിടിയിൽ, മോഷണം നടത്തിയത് തിരുവോണ ഊട്ട് നടക്കുന്നതിനിടെ

Friday 12 August 2022 10:11 AM IST

ആലുവ: മുട്ടം ശ്രീമഹാവിഷ്ണു ക്ഷേത്രകമ്മിറ്റി ഓഫീസിൽനിന്ന് പണംകവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവ് കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് കാലൊടിഞ്ഞതിനെത്തുടർന്ന് പിടിയിലായി. പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ ഡ്രാക്കുള സുരേഷെന്ന് വിളിക്കുന്ന സുരേഷാണ് (40) പിടിയിലായത്. പ്രതിയെ പൊലീസ് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

തിരുവോണ ഊട്ട് നടക്കുന്നതിനിടെയാണ് യുവാവ് എത്തിയത്. ഭക്ഷണം കഴിച്ചശേഷം ക്ഷേത്ര കൗണ്ടറിനടുത്ത് വിശ്രമിച്ചു. ഈ സമയം കൗണ്ടറിലുണ്ടായിരുന്നയാൾ അകത്തേക്ക് കയറിയപ്പോൾ പൊടുന്നനെ കൗണ്ടറിലെ മേശവലിപ്പിൽനിന്ന് 20,000ത്തോളം രൂപയുമെടുത്ത് ഓടുകയായിരുന്നു. ഈ സമയം ക്ഷേത്രത്തിൽ അമ്പതോളം പേരുണ്ടായിരുന്നു. തൊട്ടടുത്ത വീടിന്റെ ടെറസിൽ കയറിയശേഷം രക്ഷപ്പെടാനായി താഴേയ്ക്കുചാടിയപ്പോൾ കാലൊടിഞ്ഞു. തുടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി ആലുവ പൊലീസിന് കൈമാറുകയായിരുന്നു. ആശുപത്രി വിടുന്നമുറയ്ക്ക് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സി.ഐ എൽ. അനിൽകുമാർ 'കേരളകൗമുദി'യോട് പറഞ്ഞു.

ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയാണ് ഡ്രാക്കുള സുരേഷ്. വീടുകളും കടകളും കുത്തിത്തുറന്ന് പണം മോഷ്ടിക്കലാണ് രീതി. രാത്രികാലങ്ങളിലായിരുന്നു ആദ്യം മോഷണം നടത്തിയിരുന്നത്. ഇങ്ങനെയാണ് സുരേഷിന് ഡ്രാക്കുള എന്ന വട്ടപ്പേര് വീണത്. പിന്നീട് പകൽസമയത്തും സുരേഷ് മോഷണത്തിന് ഇറങ്ങിത്തുടങ്ങി.

Advertisement
Advertisement