മുപ്പതുകാരി​യെ പി​റ്റ് ബുൾ കടി​ച്ചുകീറി​, ജീവനുവേണ്ടി ​ മല്ലി​ട്ട് ആശുപത്രി​യി​ൽ,ഒരുമാസത്തി​നി​ടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവം

Friday 12 August 2022 11:02 AM IST

ന്യൂഡൽഹി: പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയുടെ ആക്രമണത്തിൽ മുപ്പതുകാരിക്ക് ഗുരുതര പരിക്ക്. തലയിലും മുഖത്തും മാരകമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.ഗുരുഗ്രാമിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. മുന്നി എന്ന യുവതിക്കാണ് പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. അയൽവാസിയായ വിനീത് ചിക്കരയുടെ വളർത്തുനായയാണ് ആക്രമിച്ചത്. ഒരുമാസം മുമ്പ് ലക്നൗവിൽ 82 കാരി പിറ്റ് ബുളിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതി​ന്റെ ഞെട്ടൽ മാറുംമുമ്പാണ് ഇപ്പോഴത്തെ സംഭവം.

വീട്ടുജോലിക്കാരിയാണ് മുന്നി. ഹൗസിംഗ് സൊസൈറ്റിയിലെ ഒരു വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു നായ ആക്രമിച്ചത്. നായയുമായി നടക്കാനെത്തിയ വിനീത് അതിന്റെ ബെൽറ്റ് അഴിച്ചുമാറ്റി​യ ഉടൻ മുന്നിയെ ആക്രമിക്കുകയായിരുന്നു എന്നാണ് സമീപത്തുണ്ടായിരുന്നവർ പറയുന്നത്. വീണുപോയ മുന്നിയുടെ മുകളിൽ കയറിനിന്നാണ് നായ ആക്രമിച്ചത്. നാട്ടുകാർ ഓടിയെത്തി നായയെ തുരത്തിയശേഷമാണ് മുന്നിയെ ആശുപത്രിയിലെത്തിച്ചത്. നായയുടെ ഉടമയുടെ കുറ്റകരമായ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചുവെന്നും കുറ്റക്കാരനാണെങ്കിൽ കർശന നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസമാണ് സ്കൂൾ അദ്ധ്യാപികയായിരുന്ന സുശീല ത്രിപാഠി നായയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ലക്‌നൗവിലെ വീടിന്റെ മേൽക്കൂരയിൽ നിൽക്കുമ്പോളായിരുന്നു വീട്ടിൽ വളർത്തിയിരുന്ന പിറ്റ് ബുൾ ആക്രമിച്ചത്. ഉടൻ ആശുപത്രി​യി​ൽ എത്തി​ച്ചെങ്കി​ലും രക്ഷി​ക്കാനായി​ല്ല. പിറ്റ് ബുൾ ഉൾപ്പെടെ രണ്ട് നായ്ക്കളെയാണ് സുശീലയുടെ മകൻ വളർത്തി​യി​രുന്നത്.

ഇടത്തരം വലിപ്പമുള്ള, കുറിയ മുടിയുള്ള നായയാണ് പിറ്റ് ബുൾ. നായവർഗത്തി​ൽ ഏറ്റവും അപകടകാരിയായ ഒരി​നമായാണ് ഇതി​നെ കണക്കാക്കുന്നത്. വീട്ടി​ലെ ഒരാളോട് മാത്രമാണ് ഇവ അടുപ്പം കാട്ടുന്നത്.

Advertisement
Advertisement