ദുല്‍ഹന്‍ ഹം ലേ ജായേംഗേ ! ഇൻകംടാക്സ് റെയിഡിന് വൻസംഘം പുറപ്പെട്ടത് ഈ സ്റ്റിക്കറൊട്ടിച്ച് അലങ്കരിച്ച 120 വാഹനങ്ങളില്‍

Friday 12 August 2022 2:58 PM IST

മുംബയ്: മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 390 കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയിരുന്നു. ജല്‍ന, ഔറംഗാബാദ് എന്നിവിടങ്ങളിലുള്ള രണ്ട് വ്യവസായ ഭീമന്‍മാരുടെ വീടുകളിലാണ് ആദായ വകുപ്പ് റെയ്ഡ് നടത്തിയത്. കണക്കില്‍പ്പെടാത്ത 58 കോടി രൂപയും 32 കിലോ സ്വര്‍ണവും ഉദ്യോഗസ്ഥര്‍ എണ്ണിതിട്ടപ്പെടുത്തുന്ന ഫോട്ടോകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഈ വലിയ കള്ളപ്പണ വേട്ടയ്ക്ക് ഉദ്യോഗസ്ഥര്‍ തയ്യാറെടുത്തത് എങ്ങനെയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മഹാരാഷ്ട്രയിലെ ജല്‍നയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയിഡില്‍ വിവരം ചോര്‍ന്ന് പോകാതെ ഉദ്യോഗസ്ഥരെയും പൊലീസിനെയും എത്തിക്കുന്നതിനായി 120 വാഹനങ്ങളാണ് വാടകയ്ക്ക് എടുത്തത്. ഒരു സമ്പന്ന വിവാഹ പാര്‍ട്ടിയുടെ സഞ്ചാരം കണക്കെയാണ് ഇവര്‍ ഒരുങ്ങി എത്തിയത്. വാഹനങ്ങളും അതിമനോഹരമായി അലങ്കരിച്ചു.


ചില വാഹനങ്ങളില്‍ 'ദുല്‍ഹന്‍ ഹം ലേ ജായേംഗേ' എന്നെഴുതിയ ബോര്‍ഡുകള്‍ പോലും ഉണ്ടായിരുന്നു. വരന്റെ പാര്‍ട്ടി സഞ്ചരിക്കുന്ന വാഹനങ്ങളില്‍ ഇപ്പോഴും 2000ത്തിലെ ഈ ജനപ്രിയ ഹിന്ദി സിനിമയുടെ പേര് ഉപയോഗിക്കുന്ന പതിവുണ്ട് ഉത്തരേന്ത്യയില്‍. ആര്‍ക്കും ഒരു സംശയത്തിനും ഇടവരുത്താതെയാണ് റെയ്ഡിന് ആദായ നികുതി ഉദ്യോഗസ്ഥര്‍ എത്തിയത്.

സ്റ്റീല്‍, ടെക്സറ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് ബിസിനസ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും, വെയര്‍ഹൗസുകള്‍, ഫാം ഹൗസുകള്‍ എന്നിവിടങ്ങളിലുമാണ് ആദായ നികുതി സംഘം റെയ്ഡ് നടത്തിയത്. വ്യവസായിയുടെ ഓഫീസിലും സ്ഥാപനങ്ങളിലും നോട്ടുകെട്ടുകളുടെ വലിയ ശേഖരമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താന്‍ 13 മണിക്കൂര്‍ വേണ്ടിവന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ബിസിനസ് ഗ്രൂപ്പുകള്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന സൂചനയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇതിനായി 260 ഉദ്യോഗസ്ഥരെ അഞ്ച് ടീമുകളായി തിരിച്ചു. അടുത്തകാലത്ത് ആദായ നികുതി വകുപ്പ് റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.