ആദം അലി എത്തിയത് ചെമ്പരത്തിപ്പൂ ചോദിച്ച്, പൂ പറിക്കുന്നതിനിടെ പിന്നിൽ നിന്ന് കടന്നുപിടിച്ചു; മനോരമ കൊലക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്‌

Friday 12 August 2022 4:48 PM IST

തിരുവനന്തപുരം: കേശവദാസപുരത്തെ മനോരമ (68) വധക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. തനിച്ചാണെന്ന് മനസിലാക്കി, താളിയുണ്ടാക്കാൻ ചെമ്പരത്തി പൂവ് ചോദിച്ചാണ് പ്രതിയായ ആദം അലി (21) മനോരമയുടെ വീട്ടിലെത്തിയത്. വയോധിക പൂവ് പറിക്കുന്നതിനിടെ പിറകിൽ നിന്ന് കടന്നുപിടിച്ച്, മാലപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

നിലവിളിച്ച മനോരമയുടെ കഴുത്തിൽ പ്രതി കുത്തുകയായിരുന്നു. ശബ്ദം പുറത്തുവരാതിരിക്കാൻ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുവെന്നും ആദം അലി പൊലീസിനോട് പറഞ്ഞു. തുടർന്ന് മൃതദേഹം തൊട്ടടുത്ത വീട്ടിലെ കിണറ്റിലിട്ടു. മൃതദേഹം പൊങ്ങിവരാതിരിക്കാനാണ് കാലിൽ കല്ല് കെട്ടിയതെന്നും പ്രതി മൊഴി നൽകി.

കനത്ത സുരക്ഷയിൽ പ്രതിയെ ഇന്ന് രാവിലെയാണ് മനോരമയുടെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുത്തത്. മനോരമയെ കുത്തിയ കത്തി വീടിന് സമീപത്തെ ഓടയിൽ നിന്ന് കണ്ടെത്തി. ഇതിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമമുണ്ടായി.കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് വയോധികയെ കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ രാത്രിയോടെ തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി.