വിതുരയിൽ പകൽസമയത്തും നാട്ടിലിറങ്ങി കാട്ടുപോത്തുകൾ

Saturday 13 August 2022 3:36 AM IST

വിതുര: വിതുര പഞ്ചായത്തിലെ വിതുര,തേവിയോട്,മണിതൂക്കി,പൊന്നാംചുണ്ട് വാർഡുകളിൽ സ്ഥിര സാമീപ്യമാണ് കാട്ടുപോത്തുകൾ. ഏതുനിമിഷവും ജനത്തിന് മുന്നിലേക്ക് ഇവ ഇരച്ചെത്തും. പകൽസമയത്തുപോലും സ്വസ്ഥമായി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇതു സംബന്ധിച്ച് അനവധി തവണ വനപാലകർക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആറ്മാസത്തോളമായി ഇവിടെ കാട്ടുപോത്തുകൾ നിലയുറപ്പിച്ചിട്ട്. ഇതിനിടെ നിരവധിപേർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.

കാട്ടുപോത്തുകളുടെ ശല്യം മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. വാമനപുരം നദി നീന്തിക്കടന്ന് പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര മാർക്കറ്റ് ജംഗ്ഷന് സമീപമുള്ള റബർതോട്ടത്തിലാണ് കാട്ടുപോത്തുകൾ താവളമുറപ്പിച്ചിരിക്കുന്നത്. ഇരുപതോളം കാട്ടുപോത്തുകളാണ് ഇവിടെ ചേക്കേറിയിരിക്കുന്നത്. രാത്രികാലങ്ങളിൽ ഇവ തീറ്റതേടി പുറത്തിറങ്ങാറുണ്ട്.

ആക്രമണം പതിവ്

തിരക്കേറിയ സംസ്ഥാനപാതയിലും, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലും വരെ കാട്ടുപോത്തുകൾ എത്താറുണ്ട്. നേരത്തെ എസ്റ്റേറ്റിൽ ജോലിക്കെത്തിയ ആനപ്പാറ ചിറ്റാർ സ്വദേശിയായ വീട്ടമ്മയെ കാട്ടുപോത്ത് ആക്രമിക്കുകയും, ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. വിതുര-തെന്നൂർ റൂട്ടിൽ പൊന്നാംചുണ്ടിൽ വച്ച് ബൈക്കിൽ സഞ്ചരിച്ച യുവാവിനേയും കാട്ടുപോത്ത് ആക്രമിച്ചു. ഒരുമാസം മുൻപ് തേവിയോട് മാതളത്ത് രാവിലെ വീട്ടുമുറ്റത്ത് നിന്ന ഗൃഹനാഥനെ കുത്തി ഗുരുതരമായി പരിക്കേല്പിച്ച സംഭവവുമുണ്ടായി.

നടപടി വേണം

കാട്ടുപോത്തുകളുടെ ശല്യം വർദ്ധിച്ചതോടെ വനപാലകർ പൊന്നാംചുണ്ട് മേഖലയിൽ ഇറങ്ങി കാട്ടുപോത്തുകളെ തിരിച്ച് വനത്തിൽ കയറ്റിവിടാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. അതേസമയം നൂറിൽ പരം ഏക്കറുള്ള വിതുര ചന്തമുക്കിലെ റബർതോട്ടത്തിൽ ചേക്കേറിയിരിക്കുന്ന കാട്ടുപോത്തുകളെ തുരത്തി കാട്ടിലേക്ക് വിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച് നാട്ടുകാർ അനവധി തവണ അധികാരികൾക്ക് പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

Advertisement
Advertisement