കുഴിയുടെ വ്യവഹാരങ്ങൾ

Saturday 13 August 2022 12:00 AM IST

കുണ്ട്, കുഴി എന്നിവ വളരെ മോശപ്പെട്ട സംഗതികളായി കാണുന്നവരാണ് നാട്ടിലിപ്പോൾ സകല കുഴപ്പങ്ങളും ഉണ്ടാക്കുന്നത്. ഈ കുണ്ടിനും കുഴിക്കും ഇത്ര മോശം പറയാനെന്തിരിക്കുന്നു എന്ന് ചോദിച്ചാൽ ഇക്കൂട്ടർക്ക് ഉത്തരമില്ല. അവണാകുഴിയിൽ കുഴിയില്ലേ. ഉണ്ട്. കുണ്ടന്നൂരിൽ കുണ്ടില്ലേ. ഉണ്ട്. ചൂരാക്കുണ്ടിൽ കുണ്ടുണ്ടല്ലോ. ഉണ്ട്. കുന്നുകുഴിയിൽ കുഴിയുണ്ട്. കുഴിയാന പോലുമില്ലേ നാട്ടിൽ ? ഇന്നാട്ടിൽ കുഴിയേ പാടില്ലെന്ന് പറഞ്ഞാൽ കുഴിയാന മാനനഷ്ടത്തിന് കേസ് കൊടുത്തെന്നു വരും. നാട്ടിലെ സാഹചര്യം ഇതൊക്കെയാണെന്നിരിക്കെ നാട്ടിൽ കുണ്ടും കുഴിയുമൊക്കെ ഉണ്ടാവാനേ പാടില്ലെന്ന് പറയുന്നത് വളരെ മോശമാണ്.

റോഡിൽ കുഴിയുണ്ടെന്ന് പറയുന്ന ആളുകൾക്ക് കുഴിമന്തി ഭക്ഷിക്കാൻ ഒരു വിഷമവും തോന്നാറില്ല. അതാണ് മനസ്സിലാവാത്തത്. ഇതൊരുതരം ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്. നമ്മുടെ നാട്ടിൽ റോഡായ റോഡിലെല്ലാം കുഴികളും ഗർത്തങ്ങളും അതിലാകെ വെള്ളങ്ങളുമാണെന്നാണ് ഇപ്പോൾ ചില വിദ്വാന്മാർ പറഞ്ഞ് നടക്കുന്നത്. അതിലെന്താണിത്ര കാര്യമെന്നാണ് മനസ്സിലാവാത്തത്. മനുഷ്യന്മാർ ചൊവ്വയിൽ പോയി താമസിക്കാൻ തയാറെടുക്കുന്ന കാലമാണ്. ചൊവ്വയിലാണെങ്കിൽ പലേ കുഴികളും ആ കുഴികളിലെല്ലാം പലേതരത്തിലുള്ള വെള്ളവും കണ്ടുപിടിച്ചെന്നാണ് അവിടെ പോയിട്ടുള്ളവർ പറയുന്നത്. ചൊവ്വയിൽ കുഴിയും വെള്ളവുമാകാം, നമ്മുടെ നാട്ടിൽ റോഡിൽ കുഴിയും വെള്ളവും പാടില്ലെന്ന് പറയുന്നതിൽത്തന്നെ ഒരു തരം യുക്തിയില്ലായ്മയുണ്ട്.

റോഡിൽ വെറുതെ കുഴി ഉണ്ടായിപ്പോയതാണെന്നാണ് പലരും ധരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. ശരിക്കും പറഞ്ഞാൽ റോഡിൽ അങ്ങനെ വെറുതെ കുഴി രൂപപ്പെട്ട് വന്നതല്ല. കുഴിക്ക് കുഴിയുടേതായ രാഷ്ട്രീയമാനമുണ്ട്. കുഴിയിലൂടെ നമുക്ക് ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാനാവും. നാട്ടിലാണെങ്കിൽ ആളുകൾ മടിയന്മാരും അലസന്മാരുമായി ജീവിക്കുന്ന കാലമാണ്. വ്യായാമമില്ല. തടി അനങ്ങുന്നില്ല. വാത, പിത്ത ദോഷാദികൾ കലശൽ. ഇവരുടെയെല്ലാം രോഗങ്ങളെ ഒറ്റയടിക്ക് അങ്ങ് മാറ്റിയെടുക്കുക എളുപ്പമുള്ള കാര്യമല്ല. അത് പിണറായിസഖാവ് വിചാരിച്ചാൽ പോലും നടക്കുന്ന കാര്യമല്ല. ഒരുമാതിരിപ്പെട്ട സന്ധിവാതങ്ങളൊക്കെ മാറ്റാനുള്ള തീവ്രയത്നത്തിൽ ഏർപ്പെട്ട് വരികയാണ് അദ്ദേഹമെങ്കിലും അതുകൊണ്ട് മാത്രമായില്ല. അത്തരം ദോഷങ്ങളൊക്കെ ഘട്ടംഘട്ടമായിട്ടേ മാറ്റിയെടുക്കാനാവൂ. റോഡിൽ അവിടവിടെയായി കുഴികൾ സജ്ജമാക്കുക അതിലൊരു വഴിയാണ്. ഒരു കുഴിയിൽ നിന്ന് മറ്റൊരു കുഴിയിലേക്കുള്ള നേർത്ത് കറുത്ത പാടപോലുള്ള റോഡടയാളത്തിൽ കാൽകുത്തുന്നത് ഒരു വലിയ യോഗാഭ്യാസമാണ്. അതിലൂടെ ഇളകിക്കിട്ടുന്ന ശരീരത്തിൽ നിന്ന് വാതപ്പിത്ത ദോഷങ്ങൾ എപ്പോൾ പറന്ന് പോയെന്ന് ചോദിച്ചാൽ മതി. അഭ്യാസത്തിനിടയിൽ ആൾ പൊലീസുകാരനായാൽ പോലും ചിലപ്പോൾ ജീവത്യാഗം വേണ്ടിവരാം. പൊലീസുകാർക്ക് കുഴിയഭ്യാസത്തിൽ പ്രത്യേക ഇളവുകളില്ല.

നൈപുണ്യ വിദ്യാഭ്യാസം എന്നെല്ലാം പറയുന്നത് പോലെ ഒരേർപ്പാടാണ് ഇതും. ഇതുകൊണ്ട് ആരോഗ്യമുള്ള ഒരു ജനതയെ ആണ് നമുക്ക് ലഭിക്കുക. കെ-റെയിലിലൂടെ പറക്കാൻ പറ്റുന്ന ജനത അത്തരത്തിലുള്ളതായിരിക്കണം. അതുകൊണ്ട് റോഡിലെ കുഴി, റോഡിലെ കുഴി എന്ന് നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ചുകൂവി നാടിനെ മക്കാറാക്കാൻ ശ്രമിക്കുന്നവർ ആ പരിപാടി അവസാനിപ്പിക്കുന്നതാണ് നല്ലത്.

കുന്നുകുഴി, അവണാകുഴി, ഊറ്റുകുഴി മുതലായവ ഒഴിച്ചുള്ള ഏത് കുഴിയും ആർക്ക് വേണമെങ്കിലും അടയ്ക്കാനും അനുവാദമുണ്ട്. മനസ്സിലെ കുഴി നിശ്ചയമായിട്ടും അടയ്ക്കണം. ഇല്ലെങ്കിൽ അതൊരുതരം തമോഗഹ്വരമായി രൂപാന്തരപ്പെടാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് നമ്മുടെ മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനോട് മനസ്സിലെ കുഴി അടച്ചേക്കാൻ നിർദ്ദേശിച്ചത്. സതീശൻജി അതിൽ ദുസ്സൂചന കാണേണ്ട കാര്യമില്ല.



- വഴിയിൽ കുഴിയുണ്ടെങ്കിലും തിയേറ്ററിലേക്ക് വരാതിരിക്കരുത് എന്ന പുതിയ സിനിമാപ്പരസ്യം വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നതും കുഴിയെ വല്ലാണ്ട് അധിക്ഷേപിക്കുന്നതുമായ ഏർപ്പാടായിപ്പോയി.

കുഴിയോട് ഈ സിനിമാക്കാർക്ക് ഇത്രമാത്രം വിരോധവും വിദ്വേഷവും വരേണ്ട യാതൊരു കാര്യവുമില്ലായിരുന്നു. കുഴി ശരിക്കും പറഞ്ഞാൽ ഒരു പാർശ്വവത്കരിക്കപ്പെട്ട ബിംബമാണ്. സത്യത്തിൽ ഈ സിനിമാക്കാരുടെ വേലത്തരങ്ങൾ കുഴിക്ക് വേണ്ടി ശബ്ദിക്കാൻ ഇന്നാട്ടിൽ ആരുമില്ലെന്ന തെറ്റിദ്ധാരണ കൊണ്ടാണ് . അത് അവരുടെ തെറ്റിദ്ധാരണ മാത്രമാണെന്ന് തിരിച്ചറിഞ്ഞാൽ സിനിമാക്കാർക്ക് കൊള്ളാം. കുഴിയെ വേദനിപ്പിച്ച ആ പരസ്യം ഒന്ന് കൊണ്ടുമാത്രമാണ് ചിലയാളുകൾ സിനിമയെ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. അത് കേട്ടിട്ട് ചിരിക്കുന്നവർ സിനിമാക്കാരുടെ ക്രൂരതയെ ആണ് വകവച്ചുകൊടുക്കുന്നത്. അതിൽപ്പരം അശ്ലീലമായിട്ട് ഒന്നുമില്ലെന്ന് മനസ്സിലാക്കുക. കുഴിയുടെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചിലപ്പോൾ സിനിമയും ബഹിഷ്കരിക്കേണ്ടി വരും. സ്വാതന്ത്ര്യസമരകാലത്ത് എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചിരിക്കുന്നൂ!

ഇ-മെയിൽ: dronar.keralakaumudi@gmail.com

Advertisement
Advertisement