മോഷണക്കേസിൽ ജാമ്യം നേടി മുങ്ങി,​ 22 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

Friday 12 August 2022 8:04 PM IST

നൃൂഡൽഹി : മോഷണക്കേസിൽ ജാമ്യം നേടി മുങ്ങിയ പ്രതിയെ 22 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. പിടികിട്ടാപ്പുള്ളിയായ ദിൽഷാദ് എന്ന ലാൽചന്ദയെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ഡൽഹിയിലെ സുൽത്താൻപുരി ബസ് ടെർമിനലിൽ നിന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദിൽഷാദിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിനോടുള്ള ആസക്തി മൂലം പണം തികയാതെ വന്നപ്പോഴാണ് താൻ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതെന്ന് ദിൽഷാദ് ചോദ്യം ചെയ്യലിനിടയിൽ പറഞ്ഞു.

1999-ൽ ഇയാൾ തന്റെ കൂട്ടാളികളോടൊപ്പം ഡൽഹിയിലെ ബദർപൂർ പ്രദേശത്ത് കവർച്ച നടത്തുകയും ട്രക്കിൽ നിന്ന് 23 കാർട്ടൺ എഞ്ചിൻ ഓയിൽ മോഷ്ടിക്കുകയും ചെയ്തിരുന്നു. പിന്നീട് മോഷണ വസ്തുക്കളുമായി പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. കോടതി ജാമ്യത്തിലായിരുന്ന പ്രതി അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ വീട് വിറ്റ് വിവിധ സ്ഥലങ്ങളിലായി താമസം തുടങ്ങി.

ഡൽഹിയിലെയും പരിസരങ്ങളിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി കവർച്ച, പിടിച്ചുപറി, മോഷണം, ആയുധം കടത്തൽ തുടങ്ങിയ നിരവധി കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻഡിപിഎസ് ആക്ട് പ്കാരം 13 കേസുകളിൽ ഇയാൾ ഉൾപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.