മന്ത്രിമാർക്ക് പരിചയക്കുറവുണ്ട്,​ പറയുന്ന പോലുള്ള വലിയ പ്രശ്നമില്ല,​ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി

Friday 12 August 2022 9:05 PM IST

തിരുവനന്തപുരം: മന്ത്രിമാർക്ക് പരിചയക്കുറവുണ്ടെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്ക് പരിചയക്കുറവുണ്ടെന്നും എങ്കിലും മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ ജാഗ്രത പുലർത്തണം. പറയുന്നത് പോലുള്ള വലിയ പ്രശ്നമില്ല. എങ്കിലും പാർട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് വരണമെന്ന നിർദ്ദേശം ഉൾക്കൊള്ളുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒന്നാം സർക്കാരും രണ്ട് വർഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാർക്കെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയിലുണ്ടായ വിമർശനങ്ങൾ നേരത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥിരീകരിച്ചിരുന്നു. മന്ത്രിമാർ സജീവമാകണമെന്നും പ്രാദേശിക പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടണമെന്നും കോടിയേരി പറഞ്ഞു. നിലവിൽ മന്ത്രിമാരെ മാറ്റാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം വികസനപ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയും കോടിയേരി ആഞ്ഞടിച്ചു. ഓർഡിനൻസ് ബില്ലുകൾ ഒപ്പിടാതെ തിരിച്ചയച്ച ഗവർണറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് കോടിയേരി ആരോപിച്ചു. ബോധപൂർവമായ കൈവിട്ട കളിയാണിതെന്നും, ഇത്തരത്തിൽ മുന്നോട്ടുപോയാൽ നേരിടാൻ സർക്കാരിന് ഭരണഘടനാപരമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി