വൻസ്വീകാര്യത നേടി ലിഗറിലെ കോക്ക 2.0 ഗാനം ,​ ബാംഗ്ര ചുവടുകളുമായി വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും

Friday 12 August 2022 10:13 PM IST

മുംബൈ : വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമായ ലിഗറിലെ ഗാനം കോക്ക 2.0 ഏറ്റെടുത്ത് ആരാധകർ. പുരി ജഗന്നാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒ സ്പോർട്സ് ഡ്രാമാ ചിത്രമാണ് ലിഗർ. വിജയ് ദേവരകൊണ്ട തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന തെലുങ്ക് - ഹിന്ദി ദ്വിഭാഷാ ചിത്രമാണ് ലിഗർ റിലീസിനൊരുങ്ങുകയാണ്. ആക്ഷൻ പായ്ക്ക് ചെയ്ത ട്രെയിലറും ആകർഷകമായ ഗാനവും ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.

വിജയ് ചിത്രമായ 'വേൾഡ് ഫെയ്മസ് ലവർ' ബോക്സ് ഓഫീസിൽ മോശം പ്രകടനമാണ് കാഴ്ചവച്ചത്. തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട വിജയ് ലിഗറിലൂടെ ബിഗ് സ്ക്രീനിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ്. സിനിമാ ജനക്കൂട്ടത്തിന്റെ തിരക്കുകാരണം മുംബൈയിലും പാട്നയിലുമായി നടന്ന പ്രമോഷൻ പരിപാടികൾ താരത്തിന് ഉപേക്ഷിക്കേണ്ടിവന്നിരുന്നു.

അനന്യ പാണ്ഢെ ഈ ചിത്രത്തിലൂടെ തെലുങ്ക് അരങ്ങേറ്റം കുറിക്കുകയാണ്. രമ്യാ കൃഷ്ണൻ,​ റോണിത് റോയ്,​ മകരന്ദ് ദേശ് പാണ്ഢെ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. പ്രശസ്ത ബോക്സർ മൈക്ക് ടൈസൺ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു. ഓഗസ്റ്റ് 25 ന് ചിത്രം പ്രദർശനത്തിനെത്തും.