ഉദാ ദേവി

Saturday 13 August 2022 12:00 AM IST

1857 ലെ കലാപത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ദളിത് ധീരവനിത. വനിതാ സൈന്യം രൂപീകരിച്ച് യുദ്ധം നടത്തി. സിക്കന്തർബാഗിൽ ബ്രിട്ടീഷുകാരുമായി നടന്ന പോരാട്ടത്തിൽ അനേകം ബ്രിട്ടീഷ് സൈനികരെ വെടിവച്ചു കൊന്നു. ബ്രിട്ടീഷുകാരുടെ വെടിയേറ്റ് വീരമൃത്യു.

ഉത്തർപ്രദേശിലെ അവധിൽ പാസി വിഭാഗത്തിൽ ജനനം. പിന്നീട് ഈ സമുദായത്തെ ക്രിമിനൽ ട്രിബ്യൂട്ട്സ് നിയമപ്രകാരം ബ്രിട്ടീഷ് ഭരണകൂടം ക്രിമിനൽ ജാതിയെന്ന് മുദ്രകുത്തി. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടണമെന്ന തീരുമാനത്തിൽ അവധ് റീജിയന്റായിരുന്ന ബീഗം ഹസ്രത് മഹലിന്റെ അടുത്ത് ചെല്ലുകയും അവരുടെ സഹായത്തോടെ വനിതാസൈന്യം രൂപീകരിക്കുകയും ചെയ്തു. ഉദാ ദേവിയുടെ ഭർത്താവും ഹസ്രത് മഹലിന്റെ സേനാംഗവുമായിരുന്ന മക്ക പാസി, ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ചു. ഇതോടെ കൂടുതൽ ശക്തമായി യുദ്ധരംഗത്തെത്തി.
1857 ൽ സിക്കന്തർ ബാഗിൽ നടന്ന പോരാട്ടത്തിൽ പുരുഷവേഷത്തിൽ ആൽമരത്തിൽ ഒളിച്ചിരുന്ന് നിരവധി ബ്രിട്ടീഷുകാരെ കൊന്നു. അന്വേഷണത്തിൽ ഉദാ ദേവിയാണ് വെടി വച്ചതെന്ന് മനസിലാക്കിയ ബ്രിട്ടീഷ് പട അവർക്ക് നേരെ നിറയൊഴിച്ചു. കൊല്ലപ്പെടുമ്പോളും ഉദാദേവിയുടെ കൈയിൽ വെടി മരുന്ന് നിറച്ച തോക്കുകളുണ്ടായിരുന്നു.
അവരുടെ സ്മരണാർത്ഥം തോക്കേന്തി നിൽക്കുന്ന ഉദാ ദേവിയുടെ പ്രതിമ സിക്കന്തർബാഗിൽ സർക്കാർ സ്ഥാപിച്ചു. എല്ലാവർഷവും നവംബർ 16 ന് പാസി സമുദായം ഉദാദേവിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നു.

Advertisement
Advertisement