രാജ്യത്തെ എല്ലാ വീടുകളിലും ഇന്നു ത്രിവർണ്ണ പതാക പാറും

Saturday 13 August 2022 12:50 AM IST

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ 'ആസാദി കാ അമൃത് മഹോത്സവത്തിന്റെ' ഭാഗമായി ഇന്നുമുതൽ ആഗസ്റ്റ് 15വരെ രാജ്യത്തെ എല്ലാ വീടുകളിലും ത്രിവർണ്ണ പതാക ഉയരും. ദേശസ്‌നേഹം പ്രകടിപ്പിക്കുന്നതിനൊപ്പം ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം വളർത്താനും ലക്ഷ്യമിട്ടാണ് 'ഹർ ഘർ തിരംഗ' എന്ന പേരിലുള്ള ആഘോഷം. 15വരെ പൊതുജനങ്ങൾക്ക് വീട്ടിൽ പതാക പ്രദർശിപ്പിക്കാനും രാവും പകലും പറത്താനും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്.

തപാൽ ഒാഫീസുകൾ വഴിയുള്ള 20 രൂപയുടെ ദേശീയ പതാകയ്ക്ക് വൻ ഡിമാൻഡാണ്. ഒന്നര ലക്ഷം തപാൽ ഒാഫീസുകൾ വഴി ഒരു കോടിയിൽ പരം ദേശീയ പതാകകൾ വിറ്റു. 1.75 ലക്ഷം പതാകകൾ ഒാൺലൈനിലാണ് വിറ്റത്.

https://harghartiranga.com എന്ന പോർട്ടൽ വഴി ഡിജിറ്റലായി നമ്മുടെ ലൊക്കേഷനുകളിൽ പതാക ഉയർത്താനുള്ള സൗകര്യമുണ്ട്. ദേശീയ പതാകയ്‌ക്കൊപ്പം സെൽഫി എടുത്ത് ഈ സൈറ്റിൽ പോസ്റ്റ് ചെയ്യാം.

ഹൈദരാബാദിൽ ചേർന്ന ബി.ജെ.പി ദേശീയ നിർവാഹകസമിതി യോഗത്തിന്റെ തീരുമാന പ്രകാരമാണ് കേന്ദ്രസർക്കാർ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന 'ഹർ ഘർ തിരംഗ' പ്രചാരണം തുടങ്ങിയത്.

പതാക ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

 കോട്ടൺ / പോളിയസ്റ്റർ / കമ്പിളി / സിൽക്ക് / ഖാദി തുടങ്ങിയവയുടെ പതാക ഉപയോഗിക്കാം.

 ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണം. പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.

 ദേശീയ പതാക തലതിരിച്ച് പ്രദർശിപ്പിക്കാൻ പാടില്ല; കുങ്കുമ വർണ്ണം മുകളിൽ വരണം. കേടായ ദേശീയ പതാക പ്രദർശിപ്പിക്കരുത്.

 ദേശീയ പതാകയ്‌ക്ക് മുകളിലോ അരികിലോ മറ്റു പതാകകൾ സ്ഥാപിക്കരുത്;

 ദേശീയപതാക തറയിലോ വെള്ളത്തിലോ തൊടരുത്. ദേശീയ പതാകയ്ക്ക് കേടുപാടുകൾ സംഭവിക്കുന്ന തരത്തിൽ പ്രദർശിപ്പിക്കരുത്.
 ദേശീയ പതാകയൊടൊപ്പം മറ്റു പതാകകൾ ഒരു കൊടിമരത്തിൽ കെട്ടാൻ പാടില്ല.

 പതാക അലക്ഷ്യമായി വലിച്ചെറിയുന്നത് കുറ്റകരമാണ്.

Advertisement
Advertisement