സ്വരാജ് സത്യാഗ്രഹം ആരംഭിച്ചു

Friday 12 August 2022 10:56 PM IST
ഗാന്ധിയൻ കലക്ടീവിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ടൗൺ സ്‌ക്വയറിൽ നടക്കുന്ന സ്വരാജ് സത്യാഗ്രഹം സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ : പ്രത്യയശാസ്ത്ര ശാഠ്യമില്ലാതെ ജനങ്ങൾ രാഷ്ട്രീയമായി ഐക്യപ്പെട്ടാലെ കോർപ്പറേറ്റ് വത്ക്കരണത്തെ ചെറുക്കാൻ കഴിയൂ എന്ന് സാമൂഹിക ചിന്തകനും ദളിത് ആക്ടിവിസ്റ്റുമായ സണ്ണി എം.കപിക്കാട് പറഞ്ഞു . ഗാന്ധിയൻ കലക്ടീവിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ടൗൺ സ്ക്വയറിൽ കോർപ്പറേറ്റ് രാജിനെതിരെ നടക്കുന്ന സ്വരാജ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘാടക സമിതി ചെയർമാൻ ടി.പി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. എഴുപത്തിരണ്ട് മണിക്കൂർ സത്യാഗഹത്തിന്റെ ആദ്യ ദിവസത്തെ സത്യാഗ്രഹികളായ പി.കെ.ഷേർളി , പി.ജെ.തോമസ്, എസ്.മോഹൻ , പി.എം.ബാലകൃഷ്ണൻ എന്നിവരെ സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ടപ്പൊതുവാൾ ഖാദി നൂൽമാല അണിയിച്ചു.പ്രമുഖ സോഷ്യലിസ്റ്റ് നേതാവും നിയമസഭാ സാമാജികനുമായിരുന്ന കെ.രാജീവ് കുമാർ,എൻ. സുബ്രഹ്മണ്യൻ, അത്തായി ബാലൻ എന്നിവർ സംസാരിച്ചു. വാസുദേവ പൈ നന്ദി പറഞ്ഞു.15 വരെ നാലുദിവസം നീണ്ടു നിൽക്കുന്ന സത്യഗ്രഹത്തിൽ രണ്ടാം ദിനമായ ശനിയാഴ്ച വൈകിട്ട് നാലിന് ഗാന്ധിയുടെ ഹിന്ദുവും സവർക്കറുടെ ഹിന്ദുവും എന്ന വിഷയത്തിൽ വിജയരാഘവൻ ചേലിയ പ്രഭാഷണം നടത്തും.

Advertisement
Advertisement