സുപ്രീംകോടതി നിർദ്ദേശം: അതിജീവിത കോടതിയിൽ വേദനിക്കപ്പെടരുത്

Saturday 13 August 2022 12:31 AM IST

ന്യൂഡൽഹി: ലൈംഗിക പീഡന കേസുകളിൽ അതിജീവിതയെ വിസ്തരിക്കുന്നത് ഒറ്റ സിറ്റിംഗിൽ പൂർത്തിയാക്കണം എന്നുൾപ്പെടെ സുപ്രധാന മാർഗ നിർദ്ദേശവുമായി സുപ്രീംകോടതി. ക്രോസ് വിസ്താരം വളരെ മാന്യവും ലളിതവുമാണെന്ന് വിചാരണക്കോടതികൾ ഉറപ്പാക്കണം. പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിത കോടതിയിലെത്തുന്നതെന്ന വസ്തുത കണക്കിലെടുക്കണം.

മാനസികാഘാതവും സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനവും പേറി കോടതിയിലെത്തുന്നവരുടെ പ്രശ്നങ്ങൾ ഉചിതമായി കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം കീഴ്കോടതികൾക്കുണ്ട്. വിചാരണ അതിജീവിതയ്ക്ക് ഉപദ്രവകരമാകരുതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

വിചാരണക്കിടെ പീഡനം സംബന്ധിച്ച് ബുദ്ധിമുട്ടുള്ളതും ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങൾ ഒഴിവാക്കണം പരാതിക്കാരിയെ കൂടുതൽ ഭയപ്പെടുത്തുന്ന നടപടികൾ ഉണ്ടാകരുത്. ലൈംഗിക പീഡന കേസുകളിൽ പൊലീസ് ഇടപെടാൻ വിസമ്മതിക്കുമ്പോൾ കോടതികൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം.

മദ്ധ്യപ്രദേശിലെ ഗ്വാളിയോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വൈസ് ചാൻസലർക്കെതിരെ ലൈംഗിക പീഡന കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രധാന നിർദ്ദേശങ്ങൾ. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചത്.

രഹസ്യവിചാരണ മതി,

പ്രതി കാണരുത്

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും രഹസ്യ വിചാരണ ഉറപ്പ് വരുത്തണം. സെക്‌ഷൻ 327 പ്രകാരം മാനഭംഗ കേസുകളിൽ മാത്രം അനുവദിച്ച രഹസ്യ വിചാരണയാണ് മുഴുവൻ ലൈംഗികാതിക്രമ കേസുകൾക്കും ബാധകമാക്കിയിരിക്കുന്നത്. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ പ്രതിയെ കാണാതിരിക്കാൻ നടപടി സ്വീകരിക്കണം. ഇതിനായി കോടതിയിൽ സ്ക്രീൻ വയ്ക്കണം. അതിന് സാധിക്കുന്നില്ലെങ്കിൽ അതിജീവിത മൊഴി നൽകുമ്പോൾ പ്രതിയെ കോടതി മുറിക്ക് പുറത്ത് നിറുത്തണം.

Advertisement
Advertisement