ആദ്യ മെഡിക്കൽ കോളേജിന് പ്ലാറ്റിനം ജൂബിലി തിളക്കം

Friday 12 August 2022 11:43 PM IST

തിരുവനന്തപുരം : ആധുനിക വൈദ്യശാസ്ത്രത്തിന് അമൂല്യസംഭാവനകൾ നൽകിയ തലസ്ഥാന നഗരത്തിന്റെ അഭിമാന സ്തംഭമായ കേരളത്തിന്റെ ആദ്യത്തെ മെഡിക്കൽ കോളേജിന് പ്ലാറ്റിനം ജൂബിലി തിളക്കം. മൂന്നുമാസം നീണ്ടുനില്ക്കുന്ന ആഘോഷങ്ങൾക്ക് 26ന് തുടക്കമാകും. ദക്ഷിണേന്ത്യയിൽ സ്ഥാപനത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് ദേശീയ വൈദ്യശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് പദവിയിലേക്ക് കേന്ദ്ര സർക്കാർ തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ഉയർത്തിയതും കഴിഞ്ഞകാലത്തെ നേട്ടങ്ങളുടെ തിലകക്കുറിയാണ്.
ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ 1950ജനുവരി 26നായിരുന്നു തറക്കല്ലിട്ടത്. 1951 നവംബർ 27ന് ഉദ്ഘാടനം. ആശുപത്രി പ്രവർത്തന സജ്ജമായതിന്റെ ഉദ്ഘാടനം 1954 ഫെബ്രുവരിയിലായിരുന്നു. രണ്ടിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് നിർവഹിച്ചത്. തിരുവിതാംകൂർ,കൊച്ചിയുമായി ലയിക്കുന്നതിന് മുമ്പേ തുടങ്ങിയതാണ് തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിനുള്ള ശ്രമം. ദിവാൻ സർ സി.പി രാമസ്വാമിഅയ്യരാണ് തിരുവിതാംകൂറിന് മെഡിക്കൽ കോളേജിനായി രംഗത്തിറങ്ങിയത്. നാലാഞ്ചിറ ബദനി കുന്നായിരുന്നു സി.പി ഇഷ്ടം. എന്നാൽ അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുവദിക്കണമെന്ന മാർ ഇവാനിയോസിന്റെ അഭ്യർത്ഥന മാനിച്ചാണ് വനമായിരുന്ന ഉള്ളൂർക്കുന്നിലേക്ക് മെഡിക്കൽ കോളേജ് മാറ്റിയത്.

ഡോ.കരുണാകരൻ ആദ്യ ഡീൻ, ഡോ.കേശവൻനായർ സൂപ്രണ്ടും

1948 ഫെബ്രുവരിയിലാണ് തിരുവിതാംകൂർ സർക്കാർ മെഡിക്കൽ കോളേജ് രൂപീകരണത്തിന് മൈക്രോബയോളജി വിദഗ്ദ്ധനായ ഡോ.സി.ഒ.കരുണാകരന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. ഇന്ത്യയിലെ പ്രമുഖ ഒമ്പത് മെഡിക്കൽ കോളേജുകൾ സന്ദർശിച്ചാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.ബോംബെയിലെ പ്രശസ്ത ആർക്കിടെക്ട് റിട്ചിയെ ആയിരുന്നു കെട്ടിടങ്ങളുടെ രൂപരേഖ തയ്യാറാക്കിയത്. സി.ഒ കരുണാകരൻ മെഡിക്കൽകോളേജിന്റെ ആദ്യ ഡീനും ഡോ.കേശവൻനായർ ആദ്യത്തെ സൂപ്രണ്ടുമായി. ഉള്ളൂർക്കുന്നിലെ 139 ഏക്കർ സ്ഥലം ചിത്തിര തിരുനാൾ ബാലരാമവർമ്മ വിട്ടുനൽകി.

ഉദ്ഘാടകൻ ആദ്യ രോഗിയായി

മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിനെത്തിയ ജവഹർലാൽ നെഹ്റുവായിരുന്നു ആശുപത്രിയിലെ ആദ്യ രോഗിയും. ഉദ്ഘാടനത്തിന് എത്തിയപ്പോൾ ചുറ്റും കൂടിനിന്ന ആളുകളെ കൈവീശിക്കാണിക്കുന്നതിനിടെ സുരക്ഷയ്ക്കായി തീർത്ത കമ്പിവേലിയിൽ കുടുങ്ങി നെഹ്റുവിന്റെ കൈമുറിഞ്ഞു. തുടർന്ന് ആദ്യത്തെ ഒ.പി നെഹ്റുവിന്റെ പേരിലെടുത്ത് ഉടൻ ‌ഡോ.കേശവൻ നായരുടെ നേതൃത്വത്തിലുള്ള സംഘം മുറിവ് തുന്നിക്കെട്ടുകയായിരുന്നു.

Advertisement
Advertisement