സെപൊറീഷ്യ ആണവനിലയം : ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Saturday 13 August 2022 6:10 AM IST

ന്യൂയോർക്ക് : തെക്കൻ യുക്രെയിനിലെ സെപൊറീഷ്യ ആണവ നിലയത്തിന് ചുറ്റും ഷെല്ലാക്രമണങ്ങൾ തുടരുന്നതിനിടെ ഐക്യരാഷ്ട്ര സംഘടനയുടെ ( യു.എൻ ) സുരക്ഷാ കൗൺസിൽ യോഗത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ആണവ നിലയത്തിന്റെ സുരക്ഷ അപകടത്തിലാകാതിരിക്കാൻ പരസ്പരം സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

നിലവിൽ റഷ്യൻ നിയന്ത്രണത്തിലുള്ള സെപൊറീഷ്യ നിലയം ലോകത്തെ ഏറ്റവും വലിയ പത്ത് ആണവ നിലയങ്ങളിൽ ഒന്നാണ്. ' സെപൊറീഷ്യ ആണവ നിലയത്തിന് സമീപത്തെ ഷെല്ലിംഗ് വാർത്തകളിൽ ആശങ്കയുണ്ട്. നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ന്യൂഡൽഹി ഉയർന്ന പ്രാധാന്യം നൽകുന്നു. കാരണം, ആണവ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഏതൊരു അപകടവും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിയ്ക്കും ഗുരുതര പ്രത്യാഘാതം സൃഷ്ടിച്ചേക്കാം. " യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു.

സെപൊറീഷ്യ ആണവനിലയത്തിന്റെ ഉള്ളിലെയും സമീപ പ്രദേശങ്ങളിലെയും സാഹചര്യത്തിൽ ഐക്യരാഷ്ട്ര സംഘടനയും ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയും ആശങ്ക അറിയിച്ചിരുന്നു. യുക്രെയിനിൽ നിന്ന് കരിങ്കടൽ വഴി ധാന്യക്കയറ്റുമതി നടത്താനും റഷ്യയിൽ നിന്നുള്ള ഭക്ഷ്യ, വളം ഉത്പന്നങ്ങളുടെ കയറ്റുമതിയ്ക്കും യു.എൻ സെക്രട്ടറി ജനറൽ മുൻകൈയ്യെടുത്ത് തുടക്കംകുറിച്ചതിനെ ഇന്ത്യ അഭിനന്ദിച്ചു.

Advertisement
Advertisement