മഞ്ഞുരുകി, പുറത്തുവന്നത് തകർന്നടിഞ്ഞ വിമാനവും അജ്ഞാത മൃതദേഹങ്ങളും

Saturday 13 August 2022 6:11 AM IST

ജനീവ : ചൂട് കൂടി സ്വിറ്റ്‌സർലൻഡിൽ ആൽപ്സ് പർവത നിരയിലെ മഞ്ഞ് ഉരുകിയതിലൂടെ പുറത്തെത്തിയത് ദശാബ്ദങ്ങൾക്ക് മുമ്പ് കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങളും രണ്ട് മനുഷ്യരുടെ മൃതശരീരങ്ങളും. 1968 ജൂൺ 30ന് സ്വിസ് ആൽപ്സിൽ തകർന്നെന്ന് കരുതുന്ന ഒരു പൈപ്പർ ചെറോകീ വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 4ന് അലെഷ് ഹിമാനിയിൽ നിന്ന് കണ്ടെത്തിയ ചെറുവിമാനത്തിന്റെ കൂടുതൽ ഭാഗങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡി.എൻ.എ പരിശോധന നടത്തും.

ജൂലായ് അവസാനം ഒരു സ്കീ റിസോർട്ടിന് സമീപമുള്ള സ്റ്റോക്‌ജി ഹിമാനയിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. അധികം കേടുപാട് സംഭവിച്ചിട്ടില്ലാത്ത മൃതദേഹത്തിൽ 1980കളിലേതുപോലുള്ള വസ്ത്രങ്ങളാണുണ്ടായിരുന്നത്. വാലൈസ് പ്രവിശ്യയിലെ ചെസ്യൻ ഹിമാനിയിൽ ഓഗസ്റ്റ് 3ന് ഫ്രഞ്ച് പർവതാരോഹകരാണ് രണ്ടാമത്തെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. 70കളിലോ 80കളിലോ മരിച്ച ആരെങ്കിലുമാകാം ഇതെന്ന് കരുതുന്നു.

കഴിഞ്ഞ നൂറ്റാണ്ടിൽ ഏകദേശം 300 ഓളം പേരെയാണ് ആൽപ്സിൽ കാണാതായത്. ഇതിൽ ഭൂരിഭാഗം പേരും മരിച്ചെന്ന് കരുതുന്നു. വേനൽക്കാലത്ത് മഞ്ഞുരുകുമ്പോൾ മൃതദേഹങ്ങളും വിമാനാവശിഷ്ടങ്ങളും തെളിഞ്ഞുവരും. മഞ്ഞിൽ ഉറഞ്ഞുപോയവ ആയതിനാൽ ഇവയ്ക്ക് കാര്യമായ കേടുപാടുകൾ ഉണ്ടായിരിക്കില്ല.

Advertisement
Advertisement