ആ രാജ്യത്ത് കണ്ടപ്പോൾ ആഗ്രഹം തോന്നി, അന്ന് മോഹിച്ചത് ഇന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിലൂടെ നടന്നു; ഞാൻ മനസിൽ കാണുന്നത് 365 ദിവസവും പതാക വീടുകളിൽ പാറുന്നതാണ്
ഹർ ഘർ തിരംഗയുടെ ഭാഗമായി ശാസ്തമംഗലത്തെ വീട്ടിൽ ദേശീയ പതാക ഉയർത്തി സുരേഷ് ഗോപി. ദേശീയ പതാക ഉയർത്തിയ ശേഷം സുരേഷ് ഗോപിയും ഭാര്യ രാധികയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. വലിയ അഭിമാനമാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'രണ്ടായിരത്തിലൊക്കെ അമേരിക്കയിൽ പോകുന്ന സമയത്ത് ഇത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അവിടത്തെ മിക്ക വീടുകളിലും പതാക കാണാം. ആദ്യമൊക്കെ വിചാരിച്ചിരുന്നത് അത് ഉദ്യോഗസ്ഥരുടെ വീടുകളായിരിക്കാമെന്നാണ്. അല്ല, പ്രജകളുടെ വീടുകളിലുമുണ്ട്. അന്ന് സത്യത്തിൽ ആഗ്രഹിച്ചിരുന്നു ഇന്ത്യയിൽ എല്ലാ വീടുകളിലും എല്ലാ ദിവസവും പതാക പാറിപ്പറന്നെങ്കിലെന്ന്.
അന്ന് മനസിൽ മോഹിച്ചത് ഇന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിലൂടെ നടന്നു. ജനത മുഴുവൻ വൈകാരികമായി തിരംഗയ്ക്കുള്ള മര്യാദ അർപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഞാൻ മനസിൽ കാണുന്നത് 365 ദിവസവും പതാക വീടുകളിൽ പാറുന്നതാണ്.'- സുരേഷ് ഗോപി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.