രാജ്യം വീണ്ടും കൊവിഡ് ഭീതിയിലേയ്ക്ക്? തലസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു, കാരണം ഈ വകഭേദമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ

Saturday 13 August 2022 4:38 PM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കാൻ കാരണം ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദമായ ബിഎ 2.75 ആണെന്ന് ആരോഗ്യ വിദഗ്ദ്ധർ. ജൂണിലാണ് ഈ വകഭേദം ആദ്യമായി ഇന്ത്യയിൽ സ്ഥിരീകരിച്ചത്. പുതിയ വകഭേദം മറ്റുള്ളവയെക്കാൾ വേഗത്തിൽ പടരുന്നതാണെന്നനും ഡോക്ടർമാർ പറഞ്ഞു.

ഡൽഹിയിൽ സ്ഥിരീകരിച്ച രോഗികളിൽ ഭൂരിഭാഗവും ഈ വകഭേദമാണെന്ന് കണ്ടെത്തി. മറ്റുള്ളവയെക്കാൾ പ്രതിരോധ ശേഷി കൂടിയ ഈ വൈറസ് മനുഷ്യശരീരത്തെ പെട്ടെന്ന് ബാധിക്കുന്നു. സ്ഥിരീകരിച്ച നൂറോളം രോഗികളുടെ സാമ്പിളുകൾ ജീനോം പരിശോധനയ്ക്കായി അയച്ചു. രോഗബാധ കൂടി വരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ആശുപത്രികൾ സജ്ജമായിരിക്കുകയാണ്. കണക്കുകൾ പ്രകാരം ഓഗസ്റ്റ് ഒന്നു മുതൽ പത്ത് വരെ ഇരുപതിനായിരത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു.