കാശ്‌മീർ വിഷയത്തിൽ സിപിഎമ്മിന്റേത് പ്രഖ്യാപിത നിലപാട്,​ ഫേസ്‌ബുക്കിൽ ഉദ്ദേശിച്ചത് എന്താണെന്ന് ജലീലിനോട് ചോദിക്കണമെന്ന് ഇ പി ജയരാജൻ

Saturday 13 August 2022 7:31 PM IST

തിരുവനന്തപുരം : കാശ്‌മീർ വിഷയത്തിൽ സി.പി.എമ്മിന്റേത് പ്രഖ്യാപിത നിലപാടെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. ഈ നിലപാടിൽ നിന്ന് ആരുംവ്യതിചലിക്കില്ലെന്നും ജയരാജൻ പറഞ്ഞു. കെ.ടി. ജലീൽ ഫേസ്ബക്ക് പോസ്റ്റിൽ ഉദ്ദേശിച്ചത് എന്താണെന്ന് ജലിലിനോട് ചോദിക്കണം. ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചതിനെക്കുറിച്ച് ജലീലിനോട് ചോദിക്കണമെന്നും ജയരാജൻ വ്യക്തമാക്കി.

പോസ്റ്റിലെ പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് പോസ്റ്റ് പിൻവലിക്കുകയാണെന്ന് നേരത്തെ കെ.ടി. ജലീൽ അറിയിച്ചിരുന്നു. ഉദ്ദേശിച്ചതിന് വിരുദ്ധമായി കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്‌ബുക്ക് പിൻവലിക്കുന്നതായി ജലീൽ പറഞ്ഞു.

സി.പി.എം നിർദ്ദേശത്തെ തുടർന്നായിരുന്നു ജലീൽ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചത്. മന്ത്രിമാരായ എം.വി. ഗോവിന്ദനും പി. രാജീവും പരാമർശത്തിൽ എതിർപ്പറിയിച്ചിരുന്നു.