ചെന്നൈയിൽ പട്ടാപ്പകൽ വൻ ബാങ്ക് കൊള്ള,​ ജീവനക്കാരെ ബന്ദിയാക്കി 20 കോടി രൂപയുടെ സ്വ‌ർണവും പണവും കവർന്നു

Saturday 13 August 2022 9:23 PM IST

ചെന്നൈ: ചെന്നൈ അറുമ്പക്കത്ത് പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ച് സ്വർണവും പണവും കവർന്നു. ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ശാഖയിലാണ് കവർച്ച നടന്നത്. 20 കോടി രൂപയുടെ സ്വർണവുംപണവുമാണ് കവർന്നത്. ഇടപാടുകാർ ഈടായി നൽകിയ സ്വർണമാണ് കൊള്ളയടിച്ചത്.

ഇന്നുച്ചയ്ക്കാണ് സംഭവം. ജീവനക്കാരെ ആയുധം കാണിച്ച് ബന്ദിയാക്കിയായിരുന്നു കവർച്ച. സുരക്ഷാ ജീവനക്കാരനെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി മയക്കിക്കിടത്തിയ ശേഷമാണ് ആയുധധാരികളായ സംഘം അകത്തുകടന്നത്. തുടർന്ന് ബാങ്ക് ജീവനക്കാരെ ബന്ദിയാക്കി ലോക്കറുകളുടെ താക്കോൽ വാങ്ങിയതിന് ശേഷം ബാങ്ക് മാനേജരെയും മറ്റ് ചിലരെയും ടോയ്‌ലെറ്റിൽ പൂട്ടിയിട്ടു. ലോക്കറിൽ നിന്ന് സ്വർണവും പണവും കവർന്നതിന് ശേഷം സംഘം രക്ഷപ്പെട്ടു,​. ബാങ്കിനുള്ളിലെയും പുറത്തെയും സിസി ടിവി ക്യാമറകളും സംഘം തകർത്തിട്ടുണ്ട്. സുരക്ഷാ ജീവനക്കാരൻ മയങ്ങിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

അണ്ണാനഗർ ഡെപ്യൂട്ടി കമ്മിഷണർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുരുകൻ എന്നു പേരുള്ള ജീവനക്കാരനാണ് കവർച്ചയ്ക്ക് നേതൃത്വം നൽകിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്,​ മുരുകന്റെ ചിത്രവുംപൊലീസ് പുറത്തുവിട്ടു. ആറ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.