തിരംഗ തരംഗമായി,​ വീടുതോറും ദേശീയ പതാക,​ ചണ്ഡിഗറിൽ ഗിന്നസ് റെക്കാഡ്

Sunday 14 August 2022 12:03 AM IST

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'ഹർ ഘർ തിരംഗ" പ്രചാരണത്തിന് ആവേശോജ്ജ്വല പ്രതികരണം. വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തതോടെ ഇന്നലെ രാജ്യം ത്രിവർണത്തിൽ മുങ്ങി.

ചണ്ഡിഗഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 5,885 വിദ്യാർത്ഥികൾ അണിനിരന്ന് ദേശീയ പതാക തീർത്ത് ഗിന്നസ് റെക്കാഡ് സൃഷ്‌ടിച്ചു. 2017ൽ യു.എ.ഇയിൽ 4130 പേർ ദേശീയ പതാകകളുമായി അണിനിരന്ന റെക്കാഡാണ് തകർത്തത്. ചൈനയുമായി അതിർത്തി പങ്കിടുന്ന പാംഗോംഗ് തടാകക്കരയിലും 3,488 അടി ഉയരത്തിലുള്ള ഉത്തരാഖണ്ഡ് അതിർത്തിയിലും കൂറ്റൻ ദേശീയ പതാക ഉയർന്നു. മറ്റ് അതിർത്തികളിലും വിവിധ സൈനിക യൂണിറ്റുകളുടെ നേതൃത്വത്തിൽ പതാകകളുയർത്തി ആഘോഷത്തിൽ പങ്കു ചേർന്നു. പതാകയേന്തിയ ബൈക്ക് റാലികളും സംഘടിപ്പിച്ചു.

പൊതുജനങ്ങൾക്ക് മൂന്നു ദിവസം തുറസ്സായ സ്ഥലങ്ങളിലും വീടുകളിലും കെട്ടിടങ്ങളിലും പതാക ഉയർത്താൻ സൗകര്യമൊരുക്കി ഫ്ലാഗ് കോഡ് കേന്ദ്ര സർക്കാർ പരിഷ്‌കരിച്ചിരുന്നു. ദേശീയ പതാകയുമായി ജനങ്ങൾക്ക് വ്യക്തിപരമായ അടുപ്പമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഹർ ഘർ തിരംഗ പ്രചാരണത്തിന് രൂപം നൽകിയത്.

Advertisement
Advertisement