എന്നെ പ്രതിയാക്കാനുള്ള സർക്കാർ ജാഗ്രത കൊള്ളാം: കെ. സുധാകരൻ

Sunday 14 August 2022 12:35 AM IST

തിരുവനന്തപുരം: തെളിവില്ലാത്ത കേസുകളിൽ തന്നെ പ്രതിയാക്കാനുള്ള സർക്കാർ ജാഗ്രത പ്രശംസനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പരിഹാസം. മോൻസൺ, 1995ലെ ട്രെയിൻ വെടിവയ്പ് കേസുകളിൽ തന്നെ പ്രതിയാക്കാനാണ് ശ്രമം. കള്ളക്കേസുകൾക്കെതിരെ കോടതിയിൽ താൻ പോരാട്ടം നടത്തുകയാണ്. മടിയിൽ കനമില്ലെന്ന പരസ്യബോർഡ് വച്ചിട്ട് കാര്യമില്ല. അത് പ്രവൃത്തിയിലൂടെ തെളിയിക്കണം. അതിനുള്ള തന്റേടവും ചങ്കൂറ്റവും മുഖ്യമന്ത്രിക്കില്ല.

കഴിവും പ്രാപ്തിയുമുള്ള മന്ത്രിമാർ കുറവാണെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികെട്ട മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രതികാര നടപടിയെ അവജ്ഞയോടെ തള്ളുന്നു. ഭരണഘടനയെ ബഹുമാനിക്കാത്ത, രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളുടെ കൂടാരമാണ് എൽ.ഡി.എഫ്. ദേശവിരുദ്ധ പരാമർശം നടത്തിയ കെ.ടി. ജലീലിനെ സി.പി.എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണ്. എ.കെ.ജി സെന്ററിനുനേരെ പടക്കമെറിഞ്ഞ കേസ് അന്വേഷണം ശരിയായ ദിശയിൽ പോയാൽ ഇ.പി.ജയരാജൻ ജയിലിലാകുമെന്ന് സി.പി.എമ്മിനും സർക്കാരിനും ഉത്തമ ബോദ്ധ്യമുണ്ടെന്നും സുധാകരൻ പറഞ്ഞു.