ദേശീയ പാതാക പിഴുതെറിഞ്ഞു സി.പി.എം പ്രവർത്തകൻ

Sunday 14 August 2022 1:25 AM IST

ഉദിയൻകുളങ്ങര: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാലിയോട് കോട്ടക്കലിൽ സ്ഥാപിച്ച ദേശീയപതാക സി.പി.എം പ്രവർത്തകൻ പിഴുതെറിഞ്ഞു. കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ കോട്ടയ്‌ക്കൽ ജംഗ്ഷനിൽ വാർഡ് മെമ്പർ ടി. ഐ അഭിലാഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡരികിലെ പുറമ്പോക്ക് ഭൂമിയിൽ സ്ഥാപിച്ച പതാകയാണ് സി.പി.എം പ്രവർത്തകനായ അഗസ്റ്റിൻ പിഴുതെറിഞ്ഞത്.

ദേശീയ പതാക മൂന്നു ദിവസത്തേക്ക് മാത്രമാണ് നിർത്തുന്നതെന്ന നാട്ടുകാരുടെ അഭ്യർത്ഥനയെ വെല്ലുവിളിച്ചാണ് ഇയാൾ ദേശീയ പതാകയെ അപമാനിച്ചത്.റോഡരികിലെ പുറമ്പോക്ക് ഭൂമി കയ്യേറിയാണ് ഇയാൾ കടസ്ഥാപിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കടയുടെ സമീപത്തെ ഭൂമിയിൽ പതാകയുയർത്തിയതിൽ പ്രകോപിതനായ ഇയാൾ വെള്ളിയാഴ്ച രാതിയിൽ നിർത്തിയ സ്തംഭം പിഴുതുമാറ്റി സമീപത്തെ വീട്ടിലിട്ടിരുന്നു. വീട്ടുകാർ എതിർത്തതിനെത്തുടർന്ന് സ്തംഭം സ്ഥലത്തെത്തിച്ച് മുങ്ങി.ശനിയാഴ്ച രാവിലെ നാട്ടുകാർ പതാകയുയർത്തിയ ശേഷം ഇയാൾ സ്തംഭം പിഴുതെറിയുകയായിരുന്നു.

തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി ദേശീയപതാക പുനഃസ്ഥാപിച്ചപ്പോൾ അഗസ്റ്റിൻ ദേശീയപതാകയും സ്തംഭവും പിഴുതെറിയാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. സ്ഥലത്തെത്തിയ മാരായമുട്ടം പൊലീസ് ദേശീയ പതാകയെ അപമാനിച്ചതിന് ഇയാളെ അറസ്റ്റു ചെയ്തു.സർക്കാർ പുറമ്പോക്ക് കയ്യേറി അനധികൃതമായി അഗസ്റ്റിൻ നിർമ്മിച്ച കട പൊളിച്ചു മാറ്റണമെന്ന് ബി.ജെ.പി പാലിയോട് മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.

Advertisement
Advertisement