കായംകുളം സി.ഐ മുഹമ്മദ് ഷാഫിക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

Sunday 14 August 2022 12:10 AM IST

കായംകുളം: കുപ്രസിദ്ധ കേസുകളിലെ പ്രതികളെ ദിവസങ്ങൾക്കുള്ളിൽ കുടുക്കി പേരെടുത്ത കായംകുളം സി.ഐ മുഹമ്മദ് ഷാഫിക്ക് സ്തുത്യർഹ സേവനത്തിനുള്ള, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. കുറ്റകൃത്യങ്ങളുടെ അണിയറയിൽ പ്രവർത്തിക്കുന്നവരെയും നിയമത്തിനു മുന്നിലെത്തിക്കുന്നതിൽ മിടുക്കനാണ് മുഹമ്മദ് ഷാഫി.
2020 ജൂണിലാണ് കായംകുളത്ത് സി.ഐ ആയി ചുമതലയേറ്റത്. ഗുണ്ടകളായ വെറ്റ മുജീബ്, ജോമോൻ എന്നിവരുൾപ്പെട്ട കൊലപാതക കേസുകൾ, തമിഴ്നാട് സ്വദേശികൾ സാധുപുരം ജ്യൂവലറിയിൽ നടത്തിയ കവർച്ച, കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിൽ നടത്തിയ മോഷണങ്ങൾ, ദക്ഷിണാഫ്രിക്കൻ സ്വദേശി ഉൾപ്പെട്ട മയക്കുമരുന്ന് വ്യാപാരം തുടങ്ങി നിരവധി കേസുകളിൽ ദിവസങ്ങൾക്കുള്ളിൽ പ്രതികളെ അറസ്റ്റു ചെയ്തു. കായംകുളത്തെ ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനും നേതൃത്വം നൽകി.

2005ൽ സർവീസിൽ കയറിയ മുഹമ്മദ് ഷാഫി തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, കോട്ടയം, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലും ക്രൈം ബ്രാഞ്ചിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം തേവലക്കര ഷാഫി മൻസിലിൽ യൂനസ് കുഞ്ഞ്, സുബൈദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷാഫി. അദ്ധ്യാപികയായ നിഷയാണ് ഭാര്യ. ആദിൽ മുബാറക്ക്, എസിൻ ഹനാൻ എന്നിവർ മക്കൾ.

Advertisement
Advertisement