വൈറലായി പനി; 1.31 ലക്ഷം കടന്ന് രോഗബാധിതർ

Sunday 14 August 2022 12:22 AM IST

മലപ്പുറം: മജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 13 വരെ 1,​31,​345 പേരാണ് വൈറൽ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ മാസമാണ് ഏറ്റവും കൂടുതൽ പേർക്ക് പനി ബാധിച്ചത്. ജൂലായിൽ 60,​905 പേരും ജൂണിൽ 51,​384 പേരും ചികിത്സ തേടി. ആഗസ്റ്റ് ഒന്ന് മുതൽ 13 വരെ 19,​056 പേർക്ക് പനി ബാധിച്ചിട്ടുണ്ട്. വൈറൽ പനിയുടെ പിടിയിലാണ് ഇപ്പോഴും ജില്ല. ശരാശരി ഒരുദിവസം 2,​000 പേർ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടുന്നുണ്ട്. ഒരുവീട്ടിൽ ഒരാൾക്ക് പനി ബാധിച്ചാൽ പിന്നാലെ മുഴുവൻ പേരും അസുഖബാധിതരാവുന്ന സ്ഥിതിയാണ്.

കുറയാതെ ഡെങ്കിയും എലിപ്പനിയും

ജൂൺ ഒന്നുമുതൽ ഇതുവരെ 167 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ 47 പേർക്ക് രോഗം സ്ഥിരീകരിച്ചു. 68 പേരെയാണ് എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തിച്ചത്. 41 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ആഗസ്റ്റിൽ ഡെങ്കി,​ എലിപ്പനി രോഗ ബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. 15 പേർക്ക് ഡെങ്കിയും 11 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ജൂണിൽ ഇത് യഥാക്രമം 13ഉും 15ഉം ആയിരുന്നു. ജൂലായിൽ 19 പേർക്ക് ഡെങ്കിയും 15 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു.

വേണം അതീവജാഗ്രത

മുൻമാസങ്ങളിലെ ഡെങ്കി,​ എലിപ്പനി കേസുകളുടെ എണ്ണം കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ തന്നെ മറികടന്നിട്ടുണ്ട്. കുറ്റിപ്പുറത്താണ് ഏറ്റവും കൂടുതൽ ഡെങ്കി കേസ്,​​ ഏഴ് പേർക്ക്. മഞ്ചേരി,​ മങ്കട,​ തിരുവാലി,​ വളാഞ്ചേരി,​ ഇരിമ്പിളിയം,​ കുറ്റിപ്പുറം,​ ഊരകം എന്നിവിടങ്ങളിലും ഡെങ്കി സ്ഥിരീകരിച്ചു. വഴിക്കടവ്,​ കാളികാവ്,​ കരുവാരക്കുണ്ട്,​ തൃപ്പനച്ചി,​ ആനക്കയം,​ പൊന്നാനി,​ വണ്ടൂർ,​ ഊർങ്ങാട്ടിരി,​ മഞ്ചേരി എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.

2021ലെ സാംക്രമിക രോഗ വിവരങ്ങൾ

വൈറൽ പനി: 2,​06,​645

ഡെങ്കി : 169

എലിപ്പനി : 124

മൺസൂണിലെ സാംക്രമിക രോഗ വിവരങ്ങൾ

വൈറൽ പനി: 1,​31,​345

ഡെങ്കി : 47

എലിപ്പനി : 41

Advertisement
Advertisement