ഡി.വൈ.എഫ്‌.ഐ ഫ്രീഡം സ്‌ട്രീറ്റ്‌

Sunday 14 August 2022 12:54 AM IST
freedomstreet,

തൃശൂർ: എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം; മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകീട്ട് നാലിന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ഫ്രീഡം സ്ട്രീറ്റ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ഷൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.സുനിൽ പി.ഇളയിടം പ്രഭാഷണം നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, കെ.കെ.രാമചന്ദ്രൻ എം.എൽ.എ എന്നിവർ സംസാരിക്കും. ശക്തൻ സ്റ്റാൻഡ്, വടക്കെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പകൽ മൂന്നിന് അരലക്ഷം യുവതി -യുവാക്കൾ അണിനിരക്കുന്ന യുവജന റാലി ആരംഭിക്കും. 18 ബ്ലോക്ക് കമ്മിറ്റികളുടെ റാലികളായാണ് തേക്കിൻകാട് മൈതാനിയിലെത്തിച്ചേരുക. പ്രചാരണാർത്ഥം 208 മേഖലാ കേന്ദ്രങ്ങളിൽ സൈക്കിൾ റാലിയും കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനാപരമായ നയം വിശദീകരിച്ച് വിവിധ യൂണിറ്റുകളിൽ യുവസഭകളും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എൻ.വി.വൈശാഖൻ, ട്രഷറർ കെ.എസ്.സെന്തിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സുകന്യ ബൈജു, കെ.എസ്.റോസൽരാജ്, വി.പി.ശരത്ത് പ്രസാദ് എന്നിവർ പങ്കെടുത്തു.

ജോൺസന്റെ പേരിൽ മ്യൂസിക് അക്കാഡമി


തൃശൂർ: സംഗീത സംവിധായകൻ ജോൺസന്റെ പേരിൽ കോർപറേഷന്റെ നേതൃത്വത്തിൽ തൃശൂരിൽ മ്യൂസിക് അക്കാഡമി രൂപീകരിക്കും. ജോൺസൺ മ്യൂസിക്കൽ ഫൗണ്ടേഷനും സംഗീത സംവിധായകൻ ഔസേപ്പച്ചനും ഉൾപ്പെടെ കലാരംഗത്തെ പ്രമുഖ വ്യക്തികളും ഈ പദ്ധതിക്ക് പിന്തുണ നൽകുമെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സെപ്റ്റംബർ 2ന് പുഴയ്ക്കൽ വെഡ്ഡിംഗ് വില്ലേജിൽ 'ദേവദൂതർ' കൂട്ടായ്മ സംഘടിപ്പിക്കും. മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. ഔസേപ്പച്ചനെ 25ന് തൃശൂർ ശക്തൻ മൈതാനിയിൽ സംഗീതനിശയിൽ ആദരിക്കും.

സംസ്ഥാന കൺവെൻഷൻ


തൃശൂർ: കാർഷിക സർവകലാശാല പെൻഷൻകാരുടെ സംസ്ഥാന കൺവെൻഷൻ 16ന് 10.30ന് മണ്ണുത്തി സൊസൈറ്റി ഹാളിൽ നടക്കും. യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.കെ.ഷറഫുദീൻ ഉദ്ഘാടനം ചെയ്യും. പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പാക്കുക, പെൻഷൻ പരിഷ്‌കരണ കുടിശികയും വിരമിക്കൽ ആനുകൂല്യങ്ങളും അടിയന്തരമായി വിതരണം ചെയ്യുക, പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരപരിപാടിക്കും സംഘടനയുടെ കാർഷിക സർവകലാശാല യൂണിറ്റിന്റെ അഡ്‌ഹോക് കമ്മിറ്റിക്ക് പകരം സ്ഥിരം കമ്മിറ്റിക്കും കൺവെൻഷൻ രൂപം നൽകും.

Advertisement
Advertisement