ബീന ദാസ്

Sunday 14 August 2022 1:36 AM IST

21ാം വയസിൽ ബംഗാൾ ഗവർണർക്കു നേരെ വധശ്രമം നടത്തിയ ധീരവനിത. പശ്ചിമബംഗാളിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനി. ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി വർഷങ്ങളോളം തടവിലാക്കപ്പെട്ടു. 1911 ൽ കൽക്കട്ടയിലെ കൃഷ്ണനഗറിൽ ജനനം. സ്വാതന്ത്ര്യസമര പ്രവർത്തകരും ബ്രഹ്മസമാജം അംഗങ്ങളുമായിരുന്നു മാതാപിതാക്കൾ. സഹോദരി കല്യാണിദാസും സ്വാതന്ത്ര്യസമര സേനാനിയാണ്. അച്ഛന്റെ ശിഷ്യനായിരുന്ന സുഭാഷ്ചന്ദ്ര ബോസിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായ ബീന ചെറുപ്പത്തിൽത്തന്നെ വിപ്ലവ പ്രവർത്തനങ്ങളിൽ സജീവമായി.
കൽക്കട്ടയിൽ വനിതകളുടെ അർദ്ധവിപ്ലവ സംഘടനയായ ഛത്രി സംഘയിൽ അംഗമായിരുന്നു. സൈമൺകമ്മിഷൻ വിരുദ്ധസമരങ്ങളിൽ പങ്കെടുത്തു. 1932 ൽ കൽക്കട്ട സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ബംഗാൾ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സണെ വധിക്കാൻ ശ്രമം നടത്തി. അഞ്ച് തവണ വെടിയുതിർത്തെങ്കിലും ശ്രമം പരാജയപ്പെടുകയും ഒൻപത് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഏഴുവർഷത്തിനു ശേഷം പുറത്തിറങ്ങിയ അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി കൽക്കട്ടയിലെ ഹസ്ര ക്രോസിംഗിൽ ബ്രിട്ടീഷുകാർക്കെതിരെ പൊതുയോഗം സംഘടിപ്പിച്ചതിനെത്തുടർന്ന് മൂന്നുവർഷം വീണ്ടും ജയിൽശിക്ഷ അനുഭവിച്ചു.
1946 ൽ ബംഗാൾ പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലെയും 1947 ൽ പശ്ചിമ ബംഗാൾ നിയമസഭയിലെയും അംഗമായി. സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള പെൻഷൻ നിരസിച്ചു. അവസാന നാളുകളെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമാണ്. 1986 ൽ ഋഷികേശിലെ വഴിയരികിൽ പകുതി ജീർണിച്ച അവസ്ഥയിൽ ബീന ദാസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
2021 ൽ ബീനദാസിന്റെ ജീവിതം ആസ്പദമാക്കി 'ബിപ്ലബി ബീന ദാസ് ' എന്ന ഡോക്യുമെന്ററി ദൂരദർശൻ പുറത്തിറക്കിയിട്ടുണ്ട്. 1960 ൽ ബീന ദാസിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.