വിഴിഞ്ഞത്ത് പതിനായിരം പേർക്ക് തൊഴിൽ നൽകും,​ നിലപാട് വ്യക്തമാക്കി മന്ത്രി അഹമ്മദ് ദേവർകോവിൽ

Sunday 14 August 2022 2:58 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളായ പതിനായിരത്തോളം പേർക്ക് തൊഴിൽ നൽകുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ കേരളകൗമുദിയോട് പറഞ്ഞു.വിഴിഞ്ഞത്തെ യുവജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ ഒരുക്കി ജീവിതനിലവാരം ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം.

ലത്തീൻ അതിരൂപതയുമായി ചർച്ച നടത്തുന്നതിന് തടസങ്ങളില്ല. ചുമതല ഏറ്റെടുത്ത പുതിയ ബിഷപ്പ് തോമസ് ജെ.നെറ്റോയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.പദ്ധതിപ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആശങ്കകൾ പരിഹരിക്കും

വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രദേശവാസികളുടെ എല്ലാ ആശങ്കകളും പരിഹരിക്കുന്നതിന് മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. തുറമുഖ നിർമ്മാണത്തിന്റെ വ്യത്യസ്‌തഘട്ടങ്ങളിൽ ഉയർന്നുവന്ന ഒട്ടുമിക്ക വിഷയങ്ങൾക്കും സർക്കാർ മാന്യമായ പരിഹാരം കണ്ടിട്ടുണ്ട്. പ്രദേശവാസികൾ സമർപ്പിച്ച ആവശ്യങ്ങളെ തരംതിരിച്ച് അടിയന്തരമായി പരിഹരിക്കേണ്ടതും കൂടുതൽ സമയം ആവശ്യമുള്ളതും എന്ന ക്രമത്തിലാണ് പരിഹാര പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്. തുറമുഖ പരിസരത്ത് പുതുതായി ആരംഭിക്കുന്ന കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷന്റെ നിർമ്മാണം ഉടനടി ആരംഭിക്കും. പദ്ധതിക്കാവശ്യമായ വിദഗ്ദ്ധ തൊഴിലാളികളെ ലഭിക്കുന്നതിന് അസാപ്പിൽ പ്രദേശവാസികൾക്ക് സൗജന്യ പരിശീലനം നൽകാനും തീരുമാനമെടുത്തിട്ടുണ്ട്.

സമയബന്ധിതമായി പൂർത്തിയാക്കും

പ്രദേശവാസികളുമായി സർക്കാർ നേരിട്ട് സംവദിക്കുകയും അവരുടെ ആവശ്യങ്ങൾ നടപ്പാക്കുന്നുമുണ്ട്. ഇതിനായി ഒരു സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ കീഴിൽ മോണിറ്ററിംഗ് കമ്മിറ്റി വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകണമെന്ന് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ കേരളത്തിലെ എല്ലാജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. അതിനാൽ തന്നെ സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാനുള്ള നിർമ്മാണ പ്രവൃത്തികളാണ് നടക്കുന്നത്.

തീരശോഷണത്തിന് കാരണം തുറമുഖമല്ല

ഇ.ഐ.എ പഠനത്തിൽ തുറമുഖ നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സമിതി ഇത് സംബന്ധിച്ച പഠനം നടത്തുന്നുണ്ട്. അവരും മറിച്ചൊരു അഭിപ്രായം അറിയിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിക്കുന്നതിന് മുൻപും തീരത്ത് കടലാക്രമണങ്ങളും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ലോകമാസകലമുള്ള കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്തെ എല്ലാ തീരപ്രദേശങ്ങളിലും വിവിധ തരത്തിലുള്ള മാറ്റങ്ങളും നഷ്‌ടങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഈ വസ്തുത കാണാതിരിക്കരുത്.

ശ്രദ്ധയിൽപ്പെട്ടിട്ടില്ല

തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പ്രധാന വിഷയങ്ങൾക്കെല്ലാം പരിഹാരം കണ്ടിട്ടുണ്ട്. സമരക്കാരുടെ ആശങ്കകൾക്ക് അടിസ്ഥാനം ഉണ്ടെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. തുറമുഖ നിർമ്മാണവും പുനരധിവാസവും ഒരുമിച്ച് കൊണ്ടുപോവുകയെന്നതാണ് സർക്കാർ നിലപാട്.

Advertisement
Advertisement