രാമായണത്തിലെ രാവണൻ

Sunday 14 August 2022 3:21 AM IST

രാവണന്റെ ഭക്തിയിൽ സംപ്രീതനായ ഭഗവാൻ ശ്രീപരമശിവൻ ഇഷ്ടവരദാനമായി അദ്ദേഹത്തിന് ചന്ദ്രഹാസം സമ്മാനിച്ചു. എന്നാൽ ഒരു നിബന്ധന വെച്ചിരുന്നു: ഈ ആയുധം നിരപരാധികൾക്കു നേരെ പ്രയോഗിക്കരുത്. അങ്ങനെ ചെയ്താൽ ആ നിമിഷം ഇത് എന്നിൽ തിരികെ വന്നുചേരും. പക്ഷേ ഗർവിഷ്ഠനായ രാവണൻ ശ്രീമഹേശ്വരന്റെ നിബന്ധന തെറ്റിച്ചു. അതോടെ ആ ദിവ്യായുധം നഷ്ടമായി.
ഈ സംഭവത്തിന് ഒരു കാരണമുണ്ട്. രാവണൻ മായയാൽ രാമലക്ഷ്മണന്മാരെ സൃഷ്ടിച്ചു. അവരെയും കൂട്ടി അശോകവനികയിലേക്കു പുറപ്പെട്ടു. സീതാദേവി രാവണനെ അനുസരിക്കണമെന്ന് ദേവിയെ ഉപദേശിക്കുവാൻ മായാ രാമലക്ഷ്മണന്മാരെ രാവണൻ ചട്ടംകെട്ടി. രാവണന്റെ ദുരുദ്ദേശം മനസ്സിലാക്കിയ ഹനുമാൻ ഒരു പൂച്ചയുടെ രൂപത്തിൽ മണ്ഡോദരിയുടെ മണിയറയിലെത്തി. പൂച്ചകളെ ഏറെ ഇഷ്ടമുളള രാവണപത്നി ഓമനത്തം തുളുമ്പുന്ന പൂച്ചയെ വാരിയെടുത്തു മാറോടുചേർത്തു. പൂച്ച ഒന്നു പിടഞ്ഞതും മണ്ഡോദരിയുടെ മാറിൽ അത് നേരിയ മുറിവേല്പിച്ചു. ആ നിമിഷം മണ്ഡോദരിയുടെ കഴുത്തിൽ കിടന്ന രത്നമാലയിലെ തങ്കപ്പതക്കം പൂച്ച കടിച്ചെടുത്തു. കയ്യിലിരുന്നുപിടഞ്ഞ പൂച്ചയെ രാജ്ഞി തിടുക്കത്തിൽ താഴെയിറക്കി. പുറത്തിറങ്ങിയ പൂച്ച ഒരു ഗന്ധർവകുമാരന്റെ വേഷംപൂണ്ട് അശോകവനികയിലെത്തി.
രാവണന്റെ മായാസൃഷ്ടിയായ രാമലക്ഷ്മണന്മാർ സീതയെ അനുനയിപ്പിക്കുന്ന കാഴ്ച ഗന്ധർവൻ ദൂരെ നിന്നുതന്നെ കണ്ടു. അന്നേരം മറ്റുള്ളവരുടെയെല്ലാം ശ്രദ്ധ ആകർഷിക്കുമാറ്, മണ്ഡോദരിയുടെ കഴുത്തിൽ നിന്നെടുത്ത തങ്കപ്പതക്കം ഉയർത്തിപ്പിടിച്ചുകൊണ്ട് ഗന്ധർവൻ ഉറക്കെ വിളിച്ചുപറഞ്ഞു: ഈ പതക്കം കണ്ടോ? രാവണപത്നി എനിക്കു സമ്മാനിച്ചതാണ്. ഞാനിപ്പോൾ വരുന്നത് മണ്ഡോദരിയുടെ അടുത്തുനിന്നാണ്.
ഇതുകേട്ട് രാവണൻ അസ്തപ്രജ്ഞനായി നിന്നുപോയി. അപ്പോൾ ഗന്ധർവ്വൻ തുടർന്നു: ഞാനേല്പിച്ച നഖക്ഷതങ്ങൾ രാവണപത്നിയുടെ ദേഹത്തു കാണാം-
- രാവണൻ ആർത്തട്ടഹസിച്ചു: നീ പറഞ്ഞത് സത്യമെങ്കിൽ അവൾ എന്റെ ചന്ദ്രഹാസത്തിനിരയാകും. അസത്യമെങ്കിൽ ചന്ദ്രഹാസത്തിനിരയാകുന്നത് നീയായിരിക്കും. രാവണൻ തിരക്കിട്ട് അന്തഃപുരത്തിലെത്തി. മണ്ഡോദരിയുടെ ദേഹത്തെ മുറിവുകണ്ട് അലറിയ രാവണൻ കോപാന്ധതയോടെ ചന്ദ്രഹാസമെടുത്തു വീശി. തൽക്ഷണം അത് എങ്ങോ പോയ്മറഞ്ഞു. കോപാന്ധനായ രാവണന്റെ കാതിൽ എങ്ങുനിന്നോ ദേവവചനം മുഴങ്ങി:നിരപരാധികളുടെ നേർക്ക് ചന്ദ്രഹാസം പ്രയോഗിച്ചാൽ അത് ആ നിമിഷം എന്നിൽ വന്നുചേരുമെന്നു ഞാൻ നേരത്തെ മുന്നറിയിപ്പു തന്നിരുന്നുവല്ലോ? രാവണാ! നിന്റെ പത്നി നിരപരാധിയാണെന്ന് നീ അറിയുക.
തത്സമയം ശുക്രാചാര്യർ അവിടേക്കുവന്നു. ജ്ഞാനദൃഷ്ടിയാൽ എല്ലാമറിഞ്ഞ ആചാര്യർ, നടന്ന സംഭവങ്ങളെല്ലാം രാവണനെ ധരിപ്പിച്ചു. ശുക്രാചാര്യർ രാവണനെ ഉപദേശിക്കാനും മറന്നില്ല. ശ്രീരാമപത്നിയോടുള്ള അങ്ങയുടെ സമീപനത്തിന് പകരം ശ്രീരാമദാസൻ അങ്ങയുടെ പത്നിയോട് കുറുമ്പുകാട്ടി. അങ്ങയുടെ അതിക്രമത്തിനു ശിക്ഷയായി ഇപ്പോൾ ചന്ദ്രഹാസം നഷ്ടമായി. ഇനിയും ഇതു തുടർന്നാൽ ഏറെ നഷ്ടങ്ങൾ വന്നുഭവിക്കും. ശുക്രാചാര്യരുടെ വാക്ക് രാവണൻ അനുസരിച്ചില്ലെന്ന് രാമരാവണയുദ്ധം വ്യക്തമാക്കുന്നു. അക്രമത്തിനും അധർമ്മത്തിനും ഏതു ഭക്തനോടും ഭഗവാൻ കൂട്ടുനില്ക്കുകയില്ലായെന്ന് ശിവഭക്തനായ രാവണന്റെ പതനത്തിൽ നിന്നും വ്യക്തമാകുന്നു. കൈലാസാചലമെടുത്ത് അമ്മാനമാടിയ രാവണന്റെ ശിവഭക്തി എത്രയോ പ്രസിദ്ധമാണ്. പക്ഷേ ഭക്തിയെന്നത് അഹന്ത വളർത്താനുള്ളതോ സംരക്ഷിയ്ക്കാനുള്ളതോ അല്ല.

Advertisement
Advertisement