പൊടിപോലുമില്ല കണ്ടുപിടിക്കാൻ! ആക്രമണസ്ഥലത്ത് നിന്നും സവാഹിരിയുടെ മൃതദേഹം കണ്ടെത്താനായില്ലെന്ന്  താലിബാൻ

Sunday 14 August 2022 11:48 AM IST

കാബൂൾ : കഴിഞ്ഞ മാസം 31ന് കാബൂളിൽ വച്ച് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽഖ്വയ്ദ കൊടുംഭീകരൻ സവാഹിരിയുടെ മൃതദേഹം കണ്ടെത്താനായില്ലെന്ന് താലിബാൻ. ഇതാദ്യമായിട്ടാണ് അമേരിക്കയുടെ ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ താലിബാൻ പുറത്ത് വിടുന്നത്. ഇതിന് മുൻപ് സവാഹിരി കാബൂളിലുണ്ടെന്ന് തങ്ങൾക്ക് അറിയില്ലെന്നായിരുന്നു അഫ്ഗാൻ ഭരണാധികാരികൾ വ്യക്തമാക്കിയത്. അമേരിക്കൻ ആക്രമണത്തിൽ എല്ലാം നശിപ്പിച്ചുവെന്നും, യുഎസ് ഡ്രോൺ ആക്രമണം നടത്തിയതിന് ശേഷം അൽ ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരിയുടെ മൃതദേഹം കണ്ടെത്താനായില്ലെന്നും താലിബാൻ പറഞ്ഞു.

കാബൂളിലെ ഒരു അപ്പാർട്ട്‌മെന്റിലെ ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് സവാഹിരി അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 25 മില്യൺ ഡോളർ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ച കൊടും ഭീകരനായിരുന്നു സവാഹിരി. 2001 സെപ്തംബർ 11 ന് ന്യൂയോർക്കിലും വാഷിംഗ്ടണിലും അൽ ഖ്വയ്ദ നടത്തിയ ആക്രമണങ്ങളുടെ കോർഡിനേറ്ററായിരുന്നു ഇയാൾ. സവാഹിരിയെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റാണ് ലോകത്തെ അറിയിച്ചത്. 'എത്ര സമയമെടുത്താലും, നിങ്ങൾ എവിടെ ഒളിച്ചാലും, ഞങ്ങളുടെ ജനങ്ങൾക്ക് ഭീഷണിയാണെങ്കിൽ, അമേരിക്ക നിങ്ങളെ കണ്ടെത്തും' ഇതായിരുന്നു ബൈഡൻ പറഞ്ഞത്.