മമ്മൂട്ടിയോ മോഹൻലാലോ ആണെങ്കിൽ കുഴപ്പമില്ല, ഒടുവിലാനാണ് വിജയയെ പരിചയപ്പെടുത്തിയതെന്ന് പറയുന്നത് നാണക്കേടല്ലേ; കള്ള് കുടിച്ച് ഫിറ്റായിട്ട് റബ്ബർ പറിച്ചാൽ കിഴങ്ങ് കിട്ടില്ലല്ലോ
കഴിഞ്ഞ കുറെയേറെ നാളുകളായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണ് ഇന്നസെന്റ്. അഭിമുഖങ്ങളിലൂടെ രസകരമായ ഒട്ടനവധി അനുഭവങ്ങൾ താരം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു രസകരമായ സംഭവം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഇന്നസെന്റ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
'ഒടുവിലാന്റെ വീടിന് പേര് നോക്കുന്ന സമയം. വാറ്റില്ലം എന്ന് പേരിടാമെന്ന് മാളയോട് ഞാൻ പറഞ്ഞു. മാള പേര് പറഞ്ഞതും അവിടെ കൂട്ടച്ചിരി. ജോലി ചെയ്‌താൽ കൃത്യമായി കാശ് മേടിക്കാൻ പോലും ഒടുവിലാന് അറിയില്ല. ചിലപ്പോൾ ചില തമാശകളൊക്കെ ഞങ്ങൾ അദ്ദേഹത്തിന്റെ തലയിൽ വയ്ക്കും.
കെ.ആർ വിജയയെ പരിചയപ്പെടുത്തി തന്നത് ഒടുവിൽ ഉണ്ണികൃഷ്‌ണനാണ്. അവരോട് നമ്മളെ തമ്മിൽ പരിചയപ്പെടുത്തിയത് ഒടുവിലാനാണെന്ന് പറയരുതെന്ന് പറഞ്ഞു. പപ്പുവിനോട് കണ്ണുകാണിച്ചിട്ടാണ് പറഞ്ഞത്. മമ്മൂട്ടിയോ മോഹൻലാലോ ആണെങ്കിൽ കുഴപ്പമില്ല. ഇയാള് കോമഡി താരമല്ലേ. ഒടുവിലാന് ഇത് ഇഷ്ടപ്പെട്ടില്ല. ഇന്നസെന്റ് പറഞ്ഞത് ശരിയല്ലേ, അയാൾക്ക് നാണക്കേടല്ലെ എന്ന് പപ്പു പറഞ്ഞു. അവർ രണ്ടും തമ്മിൽ വലിയ വഴക്കായി. തമാശയ്ക്കാണെങ്കിലും പറയാൻ പാടില്ലാത്തതാണ്. പറഞ്ഞു പോയി
ഒരിക്കൽ ഷൂട്ടിംഗ് കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ വീട്ടിലേയ്ക്ക് വിളിച്ചു. നാടൻ ഭക്ഷണം കഴിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ വീട്ടിലില്ലായിരുന്നു. രാത്രി പതിനൊന്നൊക്കെ ആവും. കൊള്ളി കിഴങ്ങ് പറിക്കാൻ പോയവർ കിഴങ്ങില്ലെന്ന് പറഞ്ഞു. വീടിന്റെ ഒരു ഭാഗത്ത് കിഴങ്ങും മറ്റേ ഭാഗത്ത് റബ്ബറുമാണ്. കിഴങ്ങ് പറിക്കാൻ പോയവർ പിഴുതത് റബ്ബറാണ്. കള്ള് കുടിച്ച് ഫിറ്റായിട്ട് റബ്ബർ പറിച്ചാൽ കിഴങ്ങ് കിട്ടില്ലല്ലോ. പിറ്റേന്ന് ഭാര്യ വന്നപ്പോൾ പശു വന്ന് കേറിയതായിരിക്കുമെന്ന് ഒടുവിലാൻ പറഞ്ഞു. ഇതൊക്കെ കഥകളായിരിക്കും, പക്ഷേ ഇപ്പോഴും കേൾക്കുമ്പോ ഒരു സുഖം'- ഇന്നസെന്റ് പറഞ്ഞു.