ഹർഖർ തിരംഗ് ആവേശമായി, പതാക കിട്ടാതെയും വന്നു.

Monday 15 August 2022 12:00 AM IST

കോട്ടയം. കേന്ദ്ര സർക്കാരിന്റെ ആഹ്വാനപ്രകാരം ഹർഖർ തിരംഗ് ആവേശമായി ജനങ്ങൾ ഏറ്റെടുത്തതോടെ തുണിയിൽ തീർത്ത ദേശീയ പതാക പലയിടത്തും കിട്ടാനില്ലാത്ത സ്ഥിതിയായി. സ്റ്റോക്ക് ഉള്ള കടക്കാർ കൂടിയ വിലയ്ക്കാണ് വിറ്റത്. എല്ലാ വീടുകളിലും 13 മുതൽ 15 വരെ പതാക ഉയർത്തണമെന്ന സർക്കാരുകളുടെ നിർദ്ദേശം വന്നതോടെയാണ് പതാകയ്ക്ക് ആവശ്യക്കാർ കൂടിയത്. ദേശീയ പതാക വാങ്ങാനായി നിരവധി പേരാണ് വ്യാപാരസ്ഥാപനങ്ങളിൽ എത്തിയത്. ജില്ലയിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളിലെയും സ്റ്റോക്കും തീർന്നതോടെ, പതാക ഇല്ല എന്ന് ബോർഡും സ്ഥാപിച്ചിരുന്നു. നഗരത്തിനകത്തും പുറത്തും ആളുകൾ പതാകയ്ക്കായി നെട്ടോട്ടമോടുന്ന സ്ഥിതിയായി.

കഴിഞ്ഞ വർഷം 40 മുതൽ 80 രൂപ വരെ വിലയ്ക്ക് വിറ്റിരുന്ന പതാകയ്ക്ക് ഇത്തവണ വില 250 രൂപയ്ക്ക് മുകളിൽ വരെ വിലയെത്തി. പോസ്റ്റ് ഓഫീസിൽ നിന്ന് 25 രൂപ നിരക്കിൽ പതാക വിറ്റിരുന്നെങ്കിലും ഇത് വെള്ളിയാഴ്ചയോടെ അവസാനിച്ചു. പതാക ലഭ്യമാകുന്ന സ്ഥാപനങ്ങളും ബന്ധപ്പെടേണ്ട നമ്പരും സഹിതം സോഷ്യൽ മീഡിയാകളിലൂടെയുള്ള സന്ദേശങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സ്‌കൂളുകളിലും മററും വിറ്റഴിച്ച പതാകയ്ക്ക് 30 രൂപയായിരുന്നു ഈടാക്കിയത്. ഫ്‌ളാഗ് കോഡ് പാലിക്കാതെയാണ് പലയിടത്തും പതാകകൾ വിറ്റഴിച്ചതെന്നും ആക്ഷേപമുയർന്നു.

Advertisement
Advertisement