കജ്‌രാ രെ പാട്ടിന് നൃത്തം വയ്‌ക്കുന്ന വീൽചെയറിലിരിക്കുന്ന ജുൻജുൻവാല; വൈറലായി വീഡിയോ
ന്യൂഡൽഹി: ആകാശ എയർ ഉടമയും ഓഹരിവിപണിയിലെ അതികായനുമായ രാകേഷ് ജുൻജുൻവാല ഞായറാഴ്‌ച പുലർച്ചെയാണ് അന്തരിച്ചത്. കടുത്ത പ്രമേഹ രോഗിയും വൃക്കരോഗിയുമായ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞതെന്ന് ചികിത്സിച്ച ഡോക്‌ടർമാ വെളിപ്പെടുത്തിയത് അൽപം മുൻപാണ്. ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കേവലം 5000 രൂപയുമായി നിക്ഷേപരംഗത്ത് തുടങ്ങിയ അദ്ദേഹം ഇപ്പോൾ 5.8 ബില്യൺ ഡോളർ ആസ്‌തിയുളളപ്പോഴാണ് അന്തരിച്ചത്. കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ജീവിതത്തിൽ വേട്ടയാടുമ്പോഴും വളരെ പോസിറ്റീവായി ജുൻജുൻവാല അത് മറികടക്കാൻ ശ്രമിച്ചിരുന്നു. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
വൃക്കരോഗം മൂർച്ഛിച്ച് വീൽചെയറിലായിരുന്നപ്പോഴും ചലച്ചിത്ര ഗാനത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന രാകേഷ് ജുൻജുൻവാലയുടെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്. അമിതാഭ്ബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യാ റായും ചേർന്ന് അവിസ്‌മരണീയമാക്കിയ കജ്‌രാ രെ എന്ന ഗാനത്തിനാണ് വീൽചെയറിലിരുന്ന് അദ്ദേഹം നൃത്തം ചെയ്യുന്നത്. ബൺടി ഓർ ബബ്‌ലി എന്ന ചിത്രത്തിലേതാണ് ഈ ഹിറ്റ്ഗാനം. രണ്ട് മിനിട്ട് 20 സെക്കന്റ് നീണ്ടുനിൽക്കുന്ന വീഡിയോയിൽ നൃത്തത്തിൽ മുഴുകി വളരെ പ്രസന്നവദനനായാണ് അദ്ദേഹത്തെ കാണാനാവുന്നത്.
ഹംഗാമ മീഡിയ, ആപ്‌ടെക് എന്നിവയുടെ ചെയർമാനും വൈസ്രോയ് ഹോട്ടൽസ്, കോൺകോർഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ഡയറക്ടറുമായിരുന്നു ജുൻജുൻവാല. രാജ്യത്തെ സമ്പന്നന്മാരിൽ മുപ്പത്തിയാറാമതാണ് ജുൻജുൻവാല.
राकेश झुनझुनवाला की दोनों किडनियाँ खराब हो गईं थीं। वे डायलिसिस पर थे। उनका यह वीडियो मौत को बौना बता रहा है। बस, जिंदगी जीने की जिद्द होनी चाहिए।#Rakeshjhunjhunwala pic.twitter.com/9tDIn9wr9G
— Sanjay Nirupam (@sanjaynirupam) August 14, 2022
കോൺഗ്രസ് നേതാവായ സഞ്ജയ് നിരുപം ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത ഈ വീഡിയോയിൽ ഡയാലിസിസിന് വിധേയനായിരുന്നു രാകേഷ് ജുൻജുൻവാലയെന്നും ഏത് പ്രതിസന്ധി ഘട്ടത്തിലും ജീവിക്കണമെന്ന് വീഡിയോ ഓർമ്മിപ്പിക്കുന്നതായി അദ്ദേഹം പറയുന്നു.