ഈജിപ്റ്റിൽ ക്രൈസ്തവ ദേവാലയത്തിൽ വൻ തീപിടിത്തം, 41 പേർ മരിച്ചു , നിരവധി പേർക്ക് പരിക്ക്

Sunday 14 August 2022 6:35 PM IST

കെയ്‌റോ: ഈജിപ്റ്റ തലസ്ഥാനമായ കെയ്‌റോയ്ക്ക് സമീപം ക്രൈസ്തവ ദേവാലയത്തിൽ വൻ തീപിടിത്തം. 41 പേർ മരിച്ചതായി റിപ്പോർട്ട്. 50ലേറെ പേർക്ക് പരിക്കേറ്റു. കെയ്‌റോയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ ഗിസയിലെ കോപ്റ്റിക്ക് പള്ളിയായ അബൂ സിഫീനിലാണ് തീപിടിത്തം ഉണ്ടായത്.

അപകട സമയത്ത് 5000ത്തോളം പേർ പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കുകയാിരുന്നു. തീപിടിത്തത്തെ തുടർന്ന് പള്ളിക്കകത്ത് നിന്ന് രക്ഷപ്പെടാനുള്ള ഉന്തിലും തള്ളിലും പെട്ടും നിരവധിപേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പതിനഞ്ചോളം അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ് സീസി കോപ്ടിക് ക്രിസ്ത്യൻ മതമേലദ്ധ്യക്ഷനായ താട്രോസ് രണ്ടാമനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.