ഇന്ത്യയുടേത് ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള വിദേശനയം,​ ഇതാണ് ഒരു സ്വതന്ത്ര രാജ്യം,​ മോദി സർക്കാരിനെ പുകഴ്‌ത്തി ഇമ്രാൻഖാൻ

Sunday 14 August 2022 7:21 PM IST

ഇസ്ലാമാബാദ് : സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നടന്ന റാലിയിൽ ഇന്ത്യയുടെ വിദേശനയത്തെ പുകഴ്‌ത്തി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ,​ യു.എസ് സമ്മർദ്ദം വകവയ്ക്കാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനെടുത്ത ഇന്ത്യൻ സർക്കാരിന്റെ നടപടിയെ പ്രശംസിച്ചായിരുന്നു ഇമ്രാന്റെ പ്രസംഗം. ലാഹോറിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

പാകിസ്ഥാനൊപ്പം തന്നെയാണ് ഇന്ത്യക്കും സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളെയും അവരുടെ ആവശ്യങ്ങളെയും തിരിച്ചറിഞ്ഞുള്ള വിദേശനയമാണ് ഇന്ത്യയുടേത്. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങുന്നതാണ് ഷെഹ്‌ബാസ് ഷെരീഫ് സർക്കാരിന്റെ രീതി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്നാണ് ഇന്ത്യയോട് അമേരിക്ക ഉത്തരവിട്ടത്. യു.എസിന്റെ നിർദ്ദേശത്തോട് ഇന്ത്യ പ്രതികരിച്ചതെങ്ങനെയെന്ന് കാണാം എന്നു പറഞ്ഞ ഇമ്രാൻ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ വീഡിയോയും സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നുണ്ട്. ജനങ്ങളുടെ ആവശ്യമനുസരിച്ച് ഞങ്ങളും അത് വാങ്ങും. ഇക്കാര്യത്തിൽ യു.എസ് ഇടപെടേണ്ടെന്നും ജയശങ്കർ പറഞ്ഞത് ഉദ്ധരിച്ചായിരുന്നു ഇമ്രാൻ ഖാന്റെ പ്രസംഗം. ഇതാണ് ഒരു സ്വതന്ത്ര രാജ്യമെന്ന് ഇന്ത്യയെ പ്രശംസിച്ച് ഇമ്രാൻ പറഞ്ഞു.

യു,​എസ് സമ്മർദ്ദം കാരണം റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങാത്ത പാകിസ്ഥാനിലെ ഷെഹബാസ് ഷെരീഫ് സർക്കാരിനെ ഇമ്രാൻ ഖാൻ രൂക്ഷമായി വിമർശിച്ചു.

Advertisement
Advertisement