ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാതെപോയ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർന്നത് 1948ൽ

Monday 15 August 2022 4:26 AM IST

തിരുവനന്തപുരം: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ആവേശപ്പകിട്ടിലാണ് തലസ്ഥാനം. എങ്ങും അഭിമാനമായുയർന്ന ദേശീയപതാകകളും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച ആഘോഷങ്ങളും. എന്നാൽ 75 വർഷം മുമ്പുള്ള സ്വാതന്ത്ര്യപ്പൊൻപുലരിയിൽ തിരുവനന്തപുരത്തെ സ്ഥിതി വ്യത്യസ്‌തമായിരുന്നു.

തിരുവിതാംകൂർ ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ നിർദേശങ്ങൾക്ക് മുന്നിൽ ഹജൂർ കച്ചേരിയുടെ (സെക്ര‍ട്ടേറിയറ്റ്) എല്ലാ വാതിലുകളും കൊട്ടിയട‍യ്‌ക്കപ്പെട്ടു. തലസ്ഥാനത്ത് പട്ടം താണു‍പിള്ളയുടെ നേതൃത്വത്തിൽ വൈ.എം.സി.എയിൽ ത്രിവർണ പതാക ഉയർന്നു.

സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് സ്വാതന്ത്ര്യദിനാഘോഷം നടക്കുമ്പോൾ തൊട്ടടുത്തുള്ള വൈ.എം‍.സി.എ മന്ദിര പരിസരത്ത് അന്നത്തെ പകലിന്റെ ഓർമയ്‌ക്കായി സ്ഥാപിച്ച ഒരു ശി‍ലാസ്‌തൂപം ഇപ്പോഴുമുണ്ട്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്ന പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ഒരു സംഘം കോൺഗ്രസ് പ്രവർത്തകരാണ് വൈ.എം.സി.എയിൽ 1947 ആഗസ്റ്റ് 15ന് രാവിലെ 7.30ന് ദേശീയപതാക ഉയർത്തി അന്ന് സ്വാതന്ത്ര്യം ആഘോഷിച്ചത്. പതാക ഉയർത്തിയതിന് ശേഷം പട്ടം പ്രസംഗിച്ചതായി വൈ.എം.സി.എ വാർഷിക റിപ്പോർട്ടിലുണ്ട്. സെക്രട്ടേറിയറ്റിനുള്ളിൽ പതാക ഉയർത്താൻ തീരുമാനിച്ച പ്രവർത്തകർ പട്ടം താണു‍പിള്ളയുടെ നേതൃത്വത്തിൽ വൈ.എം.സി.എയിൽ നിന്നാണ് പുറപ്പെട്ടത്. അകത്തേക്ക് പ്രവേശിക്കാൻ സാധിക്കാത്തതിനെ തുടർന്ന് തിരികെ വൈ.എം.സി.എയിൽ എത്തി പതാക ഉയർ‍ത്തി.

സി.പിയുടെ കൽപ്പന മറികടന്ന്

സ്വാതന്ത്ര്യത്തിന് മൂന്നു ദിവസം മുമ്പ് തി‍രുവിതാംകൂറിൽ ഇന്ത്യൻ പതാക എവിടെയും ഉയർത്താൻ പാടില്ലെന്ന് സി.പിയുടെ വിളംബരം വന്നിരുന്നു. തിരുവിതാംകൂർ രാജ്യത്തിന്റെ ശംഖുമുദ്ര‌യുള്ള പതാക മാത്രമേ ഉയർ‍ത്താൻ പാടുള്ളൂ എന്നായിരുന്നു ക‍ൽ‍പ്പന. ജൂലായ് 25നുണ്ടായ ആക്രമണത്തെ തുടർന്ന് ശക്തി‍വിലാസം കൊട്ടാരത്തിൽ വിശ്രമത്തിലായിരുന്നു സി.പി. ആഗസ്റ്റ് 19നാണ് സി.പി തിരുവിതാംകൂർ വിട്ടത്. ആശയവിനിമയമാർഗങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത്, സ്വാതന്ത്ര്യ‍ദിനത്തലേന്ന് രാത്രിയിൽ ശ്രീകണ്‌‌ഠേശ്വരം പാർക്കിൽ റേഡിയോയ്‌ക്ക് ചുറ്റും ആളുകൾ കൂടിയത് ചരിത്ര‍കാരൻമാരുടെ ഓർമ്മയിലുണ്ട്. സ്റ്റേറ്റ് കോൺഗ്രസുകാർ ജയഭേരി മുഴക്കിയും പടക്കം പൊട്ടിച്ചും നഗരത്തിൽ പ്രകടനം നടത്തി. എന്നാൽ സ്വാതന്ത്ര്യം കിട്ടിയ വിവരം ബഹുഭൂരിപക്ഷം പേരും അറിഞ്ഞിരുന്നില്ല.

സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക

1948ൽ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികത്തിലാണ് സെക്രട്ടേറിയറ്റിന് പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ ആദ്യമായി ദേശീയപതാക ഉയരുന്നത്. തിരു-കൊച്ചി പ്രധാനമന്ത്രി പട്ടം താണുപിള്ളയാണ് പതാക ഉയർത്തിയത്. പട്ടാളത്തിന്റെ റൂട്ട് മാർച്ചുമുണ്ടായിരുന്നു. തുറന്ന ജീപ്പിൽ പ്രധാനമന്ത്രിയും മന്ത്രിമാരും കനകക്കുന്ന് വഴി നടത്തിയ ആഹ്ലാദപ്രകടനം പാങ്ങോട് സമാപിച്ചു. കവടിയാർ കൊട്ടാരത്തിൽ നിന്നെത്തിയ രാജകുടുംബാംഗങ്ങൾ കനകക്കുന്ന് കൊട്ടാരത്തിന് മുന്നിലിരുന്ന് അഭിവാദ്യം സ്വീകരിച്ചു.

Advertisement
Advertisement