3 സൈനികർക്ക് കീർത്തിചക്ര: 13 പേർക്ക് ശൗര്യചക്ര, മലയാളി ക്യാപ്ടൻ ശ്രീവത്‌സന് സേനാ മെഡൽ

Sunday 14 August 2022 11:50 PM IST

ദേവേന്ദ്ര സിംഗ്

കീർത്തിചക്ര രണ്ട് പേർക്ക് മരണാനന്തരം

ന്യൂഡൽഹി: മാതൃ രാജ്യത്തിന് വേണ്ടി പട പൊരുതിയ രാഷ്‌ട്രീയ റൈഫിൾസിലെ നായിക് ദേവേന്ദ്ര പ്രതാപ് സിംഗ്, ബി.എസ്.എഫ് സബ്‌ ഇൻസ്‌പെക്‌ടർ പവോതിൻസാത്ത് ഗുന്തെ(മരണാനന്തരം), കോൺസ്റ്റബിൾ സുദീപ് സർക്കാർ(മരണാനന്തരം) എന്നിവർക്ക് ധീരതയ്‌ക്കുള്ള കീർത്തി ചക്ര നൽകും. 13 സൈനികർ ശൗര്യചക്രയ്‌ക്ക് അർഹരായി. ഇതിൽ രണ്ട് പേർക്ക് മരണാനന്തര ബഹുമതിയാണ്.

അസാം റൈഫിൾസിലെ മലയാളി ക്യാപ്ടൻ ശ്രീവത്‌സൻ. കെ അടക്കം കരസേനയിലെ 83 സൈനികരും, നാവിക സേനയിൽ നിന്ന് ഒരാളും ,വ്യോമസേനയിൽ നിന്ന് ഏഴു പേരും ധീരതയ്‌ക്കുള്ള സേനാ മെഡലിന് അർഹരായി. അഞ്ചു പേർക്ക് മരണാനന്തര ബഹുമതിയായും ,രണ്ടു പേർക്ക് രണ്ടാം തവണയുമാണ് മെഡൽ.

ജമ്മുകാശ്‌മീരിലെ പുൽവാമാ ജില്ലയിൽ നാലു കൊടും ഭീകരർക്കെതിരെ നടത്തിയ ധീര പോരാട്ടത്തിനാണ് ദേവേന്ദ്ര പ്രതാപ് സിംഗിന് കീർത്തി ചക്ര പുരസ്‌കാരം . ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരർ ദേവേന്ദ്ര സിംഗ് അടങ്ങിയ സൈനികർക്കു നേരെ ഭീകരർ വെടിയുതിർത്തു. പെട്ടെന്നുള്ള ആക്രമണത്തിൽ പതറാതെ അസാമാന്യ ധൈര്യത്തോടെ തിരിച്ചടിച്ച് ഭീകരരെ വീടിന് പുറത്തിറക്കാനും രണ്ടു പേരെ വധിക്കാനും ദേവേന്ദ്ര സിംഗിന് കഴിഞ്ഞു. .മണിപ്പൂരിലെ കാംഗ്പോക്‌പി സ്വദേശിയായ പവോതിൻസാത്ത് ഗുന്തെ പാക് സൈന്യം വെടിനിറുത്തൽ ലംഘിച്ച് നടത്തിയ വെടിവയ്‌പിൽ വീരമൃത്യു വരിച്ചു. ത്രിപുര സ്വദേശിയായ സുദീപ് കുമാർ സർക്കാർ കാശ്‌മീരിലെ കുപ്‌വാരയിലെ ഭീകരാക്രമണത്തിലാണ് വീരമൃത്യു വരിച്ചത്.

Advertisement
Advertisement