വിദേശപ്പഴക്കൃഷിയുടെ വ്യാപനത്തിന് വേണം ക്ളസ്റ്റർ

Monday 15 August 2022 1:48 AM IST
വിദേശപ്പഴക്കൃഷിയെ കുറിച്ചുള്ള കേരളകൗമുദി റിപ്പോർട്ട്

നിർദ്ദേശങ്ങളുമായി കർഷകരും കൃഷിവിദഗ്ദരും

തൃശൂർ: ചാലക്കുടി, പരിയാരം മേഖലയിലെ വിദേശപ്പഴക്കൃഷിയുടെ വ്യാപനത്തിനും വികസനത്തിനും നിർദ്ദേശങ്ങളുമായി കർഷകരും കൃഷിവിദഗ്ദ്ധരും. കയറ്റുമതി ഉൾപ്പെടെ കോടികളുടെ വരുമാനമുണ്ടാക്കുന്ന കൃഷിവികസനത്തിന് സർക്കാർ സഹായവും ഇടപെടലും വേണമെന്നാണ് ആവശ്യം.

റംബുട്ടാൻ, മാങ്കോസ്റ്റീൻ എന്നിവയാണ് കൂടുതൽ. ഡ്രാഗൺ കൃഷിയും വ്യാപകമാകുന്നുണ്ട്. ജാതി, വാഴക്കൃഷികളിൽ നിന്നാണ് കർഷകർ ലാഭകരമായ പഴക്കൃഷിയിലേക്ക് മാറുന്നത്. വിദേശരാജ്യങ്ങളിലേക്ക് ഉൾപ്പെടെ വൻ കയറ്റുമതി സാദ്ധ്യതയുള്ള ഇവയുടെ പുരോഗതിക്ക് ക്‌ളസ്റ്ററുകൾ രൂപീകരിക്കണമെന്നും ആവശ്യമുണ്ട്. പഴക്കൃഷി കൂടുതൽ മെച്ചപ്പെടുത്താൻ കൃഷിവകുപ്പ് പഠനം നടത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

  • വന്യമൃഗശല്യം

അതിരപ്പിള്ളി മേഖലയിൽ റംബുട്ടാൻ കൃഷിയുള്ളവർ ആന, കുരങ്ങ്, അണ്ണാൻ എന്നിവയുടെ ശല്യം നേരിടുന്നു. വനംവകുപ്പിൽ പരാതിപ്പെട്ടിട്ടും കാര്യമില്ലത്രെ. അണ്ണാനും കുരങ്ങും കടിക്കുന്നതിനാൽ കൊഴിഞ്ഞ് വിളവ് കുറയുന്നു.

  • രോഗഭീഷണി

കറുത്ത ഒരുതരം ഉറുമ്പും വെള്ള ഫംഗസും ഭീഷണിയാകുന്നുണ്ട്. ഇതുമൂലവും കായകൊഴിച്ചിലുണ്ട്. രണ്ടു തവണയായി മരങ്ങൾക്കു താഴെ 100 - 150 ഗ്രാം പൊട്ടാഷ് ഇട്ട് കൊഴിച്ചിൽ തടയാൻ പലരും നടത്തിയ പരീക്ഷണം ഫലപ്രദമായില്ല. കൊഴിച്ചിൽ ഒഴിവാക്കിയാൽ വിളവും വരുമാനവും ഇരട്ടിയാകും.

  • കയറ്റുമതി കാര്യക്ഷമമാക്കണം

റംബുട്ടാന്റെയും മാങ്കോസ്റ്റീന്റെയും കയറ്റുമതിക്ക് പ്രത്യേക സംവിധാനം വേണം. മലപ്പുറം, ആലുവ, കൊച്ചി ഭാഗങ്ങളിലെ സ്വകാര്യവ്യക്തികളാണ് ഇപ്പോൾ പഴങ്ങൾ വാങ്ങി കയറ്റുമതി ചെയ്യുന്നത്. മുംബയ്, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് ചില കർഷകർ നേരിട്ട് കയറ്റുമതി ചെയ്യുന്നുണ്ട്. സർക്കാർ ഇടപെടലുണ്ടായാൽ കർഷകർക്ക് കറേക്കൂടി ലാഭം കിട്ടും.


കൃഷിക്ക് നന്നായി ബഡ് ചെയ്ത നല്ല തൈകൾ ലഭ്യമാക്കണം. എങ്കിലേ കൂടുതൽ വിളവ് ലഭിക്കൂ.

- ജോഷി മാളിയേക്കൽ, പ്രസിഡന്റ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ

ധാരാളം സൂര്യപ്രകാശം കിട്ടുന്ന കൃഷിയിടമാണ് നല്ലത്. പാട്ടവ്യവസ്ഥയിൽ സ്ഥലം നൽകിയും കൃഷി പ്രോത്സാഹിപ്പിക്കണം. നല്ല സ്ഥലങ്ങൾ പരമാവധി ഉപയോഗിക്കണം.

- ഫ്രാൻസിസ് മുണ്ടൻമാണി, കർഷകൻ

Advertisement
Advertisement