പൂച്ചയല്ല, ദിനോസറാ !

Monday 15 August 2022 5:28 AM IST

ബീജിംഗ് : ദിനോസർ എന്ന പേര് കൊച്ചുകുട്ടികൾക്ക് പോലും കാണാപാഠമാണ്. ദിനോസറെന്ന് കേൾക്കുമ്പോൾ ജുറാസിക് പാർക്ക് സിനിമയിലേത് പോലുള്ള ഭീമൻ ദിനോസറുകളെയാകും പലരുടെയും മനസിൽ വരിക. ടൈറനോസോറസ് റെക്‌സ് ( ടി - റെക്‌സ് ) എന്ന ഭയങ്കരൻ മുതൽ വെലോസിറാപ്‌റ്റർ, ട്രൈസെറാടോപ്‌സ്, ബ്രാക്കിയോസോറസ് തുടങ്ങി വിവിധ ജീനസിൽപ്പെട്ട ദിനോസറുകൾ കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതായി നാം കേട്ടിട്ടുണ്ട്.

ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം സംഭവിച്ച കൂറ്റൻ ഛിന്നഗ്രഹ പതനം ഈ ദിനോസറുകളെയെല്ലാം ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കി. പക്ഷേ,​ കാഴ്ചയിൽ ഭീകരൻമാരല്ലാത്ത പൂച്ചയോളം മാത്രം വലിപ്പമുള്ള ദിനോസറുകളെ പറ്റി കേട്ടിട്ടുണ്ടോ ?! അങ്ങനെയുള്ള ദിനോസറുകൾ 100 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ചൈനയിൽ ജീവിച്ചിരുന്നു. ചൈനയിൽ കണ്ടെത്തിയ ഒരു ദിനോസർ കാല്പ്പാടിൽ നിന്നാണ് പാലിയന്റോളജിസ്റ്റുകളുടെ അന്താരാഷ്ട്ര ടീം ഇങ്ങനെയൊരു കണ്ടെത്തലിലേക്ക് എത്തിയത്.

ബീജിംഗിലെ ദ ചൈന യൂണിവേഴ്സിറ്റി ഒഫ് ജിയോസയൻസസിലെ അസോസിയേറ്റ് പ്രൊഫസറായ ലിഡ ഷിംഗ് ആണ് ദിനോസർ കാല്പ്പാട് കണ്ടെത്തിയത്. യൂണിവേഴ്സിറ്റി ഒഫ് ക്യൂൻസ്‌ലൻഡിലെ ഡോ. ആന്റണി റൊമിലിയോയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ഗവേഷകർ ഇതിനെ പഠനവിധേയമാക്കി. സസ്യഭുക്കുകളായിരുന്ന സ്റ്റെഗോസോർ ദിനോസറുകളുടെ കുടുംബത്തിൽപ്പെട്ട ഒന്നിന്റെ കാല്പ്പാടാണിതെന്ന് റൊമിലിയോ പറയുന്നു.

ശരീരത്തിൽ രണ്ട് വരികളിലായുള്ള പ്ലേറ്റുകളും വാലിലെ മുള്ളുകളുമാണ് സ്റ്റെഗോസോർ ദിനസോറുകളുടെ പ്രത്യേകത. ചൈനയിൽ കണ്ടെത്തിയ കുഞ്ഞൻ ദിനോസറിനും ഈ സവിശേഷതകൾ ഉണ്ടായിരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചെറിയ സ്റ്റെഗോസോർ കാല്പ്പാടാണിത്. ഏകദേശം ആറ് സെന്റീമീറ്ററിൽ താഴെയാണ് വലിപ്പം. സാധാരണ 80 സെന്റീമീറ്റർ വരെ നീളമുള്ള സ്റ്റെഗോസോർ കാല്പ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

Advertisement
Advertisement