ഈജിപ്‌തിൽ ക്രിസ്ത്യൻ പള്ളിയിൽ തീപിടിത്തം: 41 മരണം

Monday 15 August 2022 5:29 AM IST

കെയ്റോ : ഈജിപ്റ്റിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വൻ അഗ്നിബാധയിൽ 41 പേർ കൊല്ലപ്പെട്ടു. പള്ളിയിലുണ്ടായ തീപിടിത്തത്തിനിടെ അകത്തുണ്ടായിരുന്ന 5,000ത്തോളം വിശ്വാസികൾ പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉന്തിലും തള്ളിലുംപെട്ടാണ് കൂടുതൽ പേരും മരിച്ചത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരും. 50ഓളം പേർക്ക് പരിക്കേറ്റു.

തലസ്ഥാനമായ കെയ്റോയ്ക്ക് സമീപം പ്രാദേശിക സമയം രാവിലെ 9 മണിയോടെ ഗിസയിലെ കോപ്റ്റിക് അബു സിഫിൻ ചർച്ചിലെ കുർബാനയ്ക്കിടെയാണ് അപകടമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാമെന്ന് കരുതുന്നു. കറന്റ് പോയതിനാൽ പള്ളിയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നുവെന്നും പെട്ടെന്ന് കറന്റ് വന്നപ്പോൾ ഓവർലോഡ് സംഭവിച്ചെന്നും ചിലർ പറയുന്നു. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്നിശമന സേന അറിയിച്ചു.

പള്ളിയിലെ രണ്ടാം നിലയിൽ നിന്നാണ് തീപിടിത്തം തുടങ്ങിയത്. ഇവിടത്തെ എയർ കണ്ടീഷനറിൽ നിന്ന് തീപിടിത്തം തുടങ്ങിയെന്ന് കരുതുന്നു. പുക ശ്രദ്ധയിൽപ്പെട്ടതോടെ മൂന്ന്, നാല് നിലകളിലുണ്ടായിരുന്ന ആളുകൾ കോണിപ്പടികളിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൂട്ടത്തോടെ ഒന്നിനുമുകളിൽ ഒന്നായി വീഴുകയായിരുന്നു എന്ന് രക്ഷപ്പെട്ട ചിലർ പറഞ്ഞു. അപകടത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‌ദൽ ഫത്താ അൽ - സിസി അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement