പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു

Monday 15 August 2022 11:45 AM IST

കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു. നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷാണ്(23) രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് ദിവസം മുമ്പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.

കഴിഞ്ഞ ദിവസം രാത്രി മറ്റൊരു അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങിയത് അഴിച്ചുമാറ്റാൻ അഗ്നിരക്ഷാ സേന എത്തിയിരുന്നു. ഈ സമയത്ത് ഇയാൾ രക്ഷപ്പെട്ടുവെന്നാണ് സൂചന. അതേസമയം, റിമാൻഡിലിരിക്കെ വിനീഷ് ആത്മഹത്യ ശ്രമം നടത്തി. കൊതുകുതിരി കഴിച്ചാണ് വിനീഷ് ആത്മഹത്യ ശ്രമം നടത്തിയത്. അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

2021 ജൂണിലാണ് ഏലംകുളം കൂഴന്തറ ചെമ്മാട്ടിൽ സി കെ ബാലചന്ദ്രന്റെ മകൾ ദൃശ്യ(21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കിടപ്പുമുറിയിൽ കയറി ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിയെ സംഭവം നടന്ന അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഒഫ് ലോ കോളേജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയായിരുന്നു ദൃശ്യ. ദൃശ്യയുടെ പിതാവിന്റെ കടയും പ്രതി കത്തിച്ചു. കൊലപാതകം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും ഓടിയ പ്രതി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ തന്ത്രപൂർവം സ്റ്റേഷനിലെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു.