'വൈസ്രോയിയുടെ മുന്നിൽപോയി ഞങ്ങൾ നിങ്ങളുടെ കൂടെയാണ് എന്ന് പറഞ്ഞവരാണ് സംഘപരിവാർ', സവർക്കറെ അനുസ്‌മരിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി

Monday 15 August 2022 9:50 PM IST

തിരുവനന്തപുരം: വി.ഡി സവർക്കറെ അനുസ്‌മരിച്ച് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയതിനെ വിമ‌ർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ പ്രധാനമന്ത്രി ഡൽഹിയിൽ ഒരാളുടെ പേര് പരാമർശിക്കുന്നത് കേട്ടതായും സ്വാതന്ത്ര്യസമര ഘട്ടത്തിൽ അറസ്‌റ്റ് ചെയ്യപ്പെട്ട അദ്ദേഹം ബ്രിട്ടന് മാപ്പ് എഴുതിക്കൊടുത്ത് ജയിലിൽ നിന്ന് രക്ഷപ്പെട്ടു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധി വധത്തിൽ പ്രതിയായിരുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി വലിയ ബഹുമതി ചാർത്തിക്കൊടുത്ത് ചരിത്രം തിരുത്താൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

സംഘപരിവാറിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് ദേശീയപ്രസ്ഥാനത്തെ വഞ്ചിക്കുന്നതിന് നേതൃത്വം കൊടുത്തവരുടേതല്ല ചരിത്രം എന്ന് മുഖ്യമന്ത്രി പറഞ്ഞു. 'അന്നത്തെ സംഘപരിവാ‌ർ വിഭാഗം രാജ്യത്തെ വൈസ്രോയിയുടെ മുന്നിൽപോയി പറഞ്ഞ കാര്യമുണ്ട് നമ്മൾ തമ്മിൽ ഒരു പ്രശ്‌നവുമില്ല, ഞങ്ങൾ നിങ്ങൾക്കെതിരല്ല. നിങ്ങളുടെ കൂടെയുണ്ട്.' മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

'സ്വാതന്ത്ര്യസമരത്തിൽ അനേകം ആളുകൾ ജീവൻ വെടിഞ്ഞു. വലിയ തോതിൽ യാതനകളും പീഡനങ്ങളും ജയിലറകളിൽ അവർ അനുഭവിച്ചു. വലിയതോതിലുള‌ള മർദ്ദനമുറകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തൂക്കുമരത്തിന് മുന്നിലും ഒരുതരത്തിലുള‌ള അടിപതർച്ചയുമില്ലാതെ അതിനെ നേരിട്ടവരാണ് സ്വാതന്ത്ര്യസമര പോരാളികൾ. അവരെയെല്ലാം മാറ്റിനിർത്തിക്കൊണ്ട് ഈ ചരിത്രത്തിന്റെ ഭാഗമല്ലാത്ത ആളുകളെ പുതിയ ചരിത്രം രചിക്കുന്നതിന്റെ ഭാഗമായി ഇവരാണ് യഥാർത്ഥ സ്വാതന്ത്ര്യസമര സേനാനികൾ എന്നുപറയാൻ ശ്രമം ആരംഭിച്ചു.' മുഖ്യമന്ത്രി പറഞ്ഞു.

ഗോൾവാക്കറുടെയും സവർക്കറുടെയും ആശയങ്ങൾ പിന്തുടരുന്ന വർഗീയവാദികൾ ഇന്ത്യ രാഷ്‌ട്രത്തിന്റെ നിർമ്മാണത്തിന് പിന്നിലുള‌ള ദേശീയതാസങ്കൽപത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.