പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതിയെ പിടികൂടി; വിനീഷിന് പിടിവീണത് വാഹനം മോഷ്‌ടിക്കുന്നതിനിടെ

Monday 15 August 2022 11:58 PM IST

ധർമ്മസ്ഥല: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷിനെ(23) കണ്ടെത്തി. കർണാടകയിലെ ധർമ്മസ്ഥലയിൽ വച്ച് നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്ന ഇയാളെ മാനസിക പ്രശ്‌നങ്ങളെ തുടർന്ന് മൂന്ന് ദിവസം മുൻപ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചിരുന്നു.

ധർമ്മസ്ഥലയിലെത്തിയ പ്രതി ഇവിടെ ഒരു വാഹനം മോഷ്‌ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാളെ തിരികെ കൊണ്ടുവരാൻ കേരളാ പൊലീസ് പുറപ്പെട്ടിട്ടുണ്ട്. ഒരു അന്തേവാസിയുടെ മോതിരം കുടുങ്ങിയത് അഴിച്ചെടുക്കാൻ അഗ്നിരക്ഷാ സേന കുതിരവട്ടത്ത് പ്രവേശിച്ച സമയത്താണ് വിനീഷ് ഇവിടെ നിന്നും കടന്നുകളഞ്ഞത്. മുൻപ് കൊലക്കേസിൽ റിമാൻഡിലായിരുന്ന സമയത്ത് കൊതുകുതിരി കഴിച്ച് ആത്മഹത്യയ്‌ക്ക് ഇയാൾ ശ്രമിച്ചിരുന്നു. അവശനിലയിലായ ഇയാളെ ആശുപത്രിയിലാക്കിയിരുന്നു അന്ന്.