മാംസം കഴിച്ച് ദേശസ്‌നേഹം തകർക്കാൻ ശ്രമിച്ചു ! സ്വാതന്ത്ര്യദിനത്തിൽ ബി ജെ പി നേതാവിന്റെ കണ്ണ് പതിഞ്ഞത് ഉപമുഖ്യമന്ത്രിയുടെ  പാത്രത്തിൽ 

Tuesday 16 August 2022 10:08 AM IST

പാട്ന : ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ ആരോപണവുമായി ബിജെപി. സ്വാതന്ത്ര്യദിനത്തിൽ മന്ത്രി മാംസാഹാരം കഴിച്ചുവെന്നാണ് ആരോപണം. സ്വാതന്ത്ര്യദിനത്തിൽ പക്ഷികളെയും മൃഗങ്ങളെയും കശാപ്പ് ചെയ്തുവെന്നാണ് ബിജെപി വക്താവ് അരവിന്ദ് സിംഗ് അഭിപ്രായപ്പെട്ടത്. ആർജെഡി നേതാവ് അബ്ദുൾ ബാരി സിദ്ദിഖിയുടെ പട്നയിലെ വസതിയിൽ വച്ച് ഓഗസ്റ്റ് 15ന് തേജസ്വി സസ്യേതര ഭക്ഷണം കഴിച്ചതെന്നാണ് ഫോട്ടോയുൾപ്പടെ പുറത്ത് വിട്ട് ബി ജെ പിയുടെ ആക്ഷേപം.

'ഓഗസ്റ്റ് 15 ന് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു, കൂടാതെ മദ്യവിൽപ്പനയും രാജ്യത്ത് നിരോധിച്ചിരിക്കുന്നു. എന്നാൽ ഈ ദിവസം, ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഒരു ആർജെഡി നേതാവിന്റെ വീട്ടിൽ മാംസം കഴിച്ച് ദേശസ്‌നേഹം തകർക്കാൻ ശ്രമിച്ചു. രാജ്യസ്‌നേഹത്തിന്റെ ചൈതന്യത്തെ കളങ്കപ്പെടുത്തി, മൃഗങ്ങളോട് കരുണയില്ലാത്തപ്പോൾ, ബിഹാറിലെ ജനങ്ങളോട് അദ്ദേഹം എന്ത് സംവേദനക്ഷമത കാണിക്കും?' അരവിന്ദ് സിംഗ് ചോദിക്കുന്നു.

ബീഹാർ മന്ത്രിസഭാ വികസനം ഇന്ന്
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് വികസിപ്പിക്കും. 35 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. രാഷ്ട്രീയ ജനതാദളിൽ നിന്ന് 15 മന്ത്രിമാരും ജനതാദൾ യുണൈറ്റഡിൽ നിന്ന് 13 പേരും കോൺഗ്രസിൽ നിന്ന് നാല് പേരും ഹിന്ദുസ്ഥാൻ അവാം മോർച്ചയിൽ നിന്ന് ഒരാളും ഇന്ന് മന്ത്രിസഭയിൽ അംഗങ്ങളാവും. ഇന്ന് രാവിലെ 11:30 നാവും സത്യപ്രതിജ്ഞ. മഹാഗത്ബന്ധൻ സഖ്യം രൂപീകരിച്ചതിന് ശേഷം ഓഗസ്റ്റ് 10 ന് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു, ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തു.

Advertisement
Advertisement