പ്രതിസന്ധിയിൽ സഹായിച്ചിട്ടും ലങ്ക കണ്ണടച്ചു,  ഇന്ത്യൻ എതിർപ്പ് വകവയ്ക്കാതെ  ചൈനീസ് ചാരക്കപ്പൽ ലങ്കൻ തീരമണഞ്ഞു

Tuesday 16 August 2022 10:30 AM IST

കൊളംബോ: ഉപഗ്രഹ, മിസൈൽ നിരീക്ഷണത്തിനും ഹൈടെക്ക് യുദ്ധമുറകൾക്കും ശേഷിയുള്ള ചൈനയുടെ ചാരക്കപ്പൽ യുവാൻ വാങ് 5 ഇന്ത്യയുടെ എതിർപ്പ് വകവയ്ക്കാതെ ലങ്കൻ തുറമുഖത്തെത്തി. സുരക്ഷയ്ക്ക് വൻ ഭീഷണിയാവുന്ന കപ്പലിന് അനുമതി കൊടുക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവസാന നിമിഷം ശ്രീലങ്ക ചൈനയുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു. കപ്പലിന്റെ വരവ് നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക കൊളംബോയിലെ ചൈനീസ് എംബസിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ശ്രീലങ്കയുടെ നിർദ്ദേശത്തിന് യാതൊരു വിലയും കല്പിക്കാതെ ചൈനീസ് കപ്പൽ യാത്ര തുടരുകയായിരുന്നു. ചൈനീസ് നിയന്ത്രണത്തിലായ ഹംബൻടോട്ട തുറമുഖത്ത് കപ്പലെത്തിയതിനാലാണ് ശ്രീലങ്കയ്ക്ക് നിയന്ത്രിക്കാൻ കഴിയാഞ്ഞത്.

ഇന്ത്യയിൽ നിന്ന് 160 കിലോമീറ്റർ മാത്രം അകലെയാണ് ഹംബൻടോട്ട തുറമുഖം. മഹിന്ദ രാജപക്‌സെയുടെ കാലത്ത് ചൈനീസ് വായ്പ ഉപയോഗിച്ചാണ് ഈ തുറമുഖം നിർമ്മിച്ചത്. രാജപക്‌സെ കുടുംബത്തിന്റെ നാട്ടിലാണ് തുറമുഖം. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ 2017ൽ തുറമുഖം ചൈനയ്ക്ക് 99 വർഷത്തേക്ക് പാട്ടത്തിന് നൽകി. 140കോടി ഡോളർ ചെലവിട്ട് ചൈനീസ് കമ്പനിയായ ചൈന മർച്ചന്റ് പോർട്ട് ഹോൾഡിംഗ്സ് ആണ് തുറമുഖം നിർമ്മിച്ചത്.

ഇന്ത്യയുടെയും അമേരിക്കയുടെയും എതിർപ്പിനെ തുടർന്ന് കപ്പലിന്റെ റൂട്ട് മാറ്റിയ ചൈന പിന്നീട് കപ്പലിന്റെ വേഗത കൂട്ടി ലങ്കൻ തുറമുഖത്തേക്ക് തിരിച്ചെത്തുകയായിരുന്നു. ഇന്ന് മുതൽ ഓഗസ്റ്റ് 22 വരെ കപ്പൽ ലങ്കൻ തീരത്തുണ്ടാവും. ഇന്ധനം നിറയ്ക്കാനും അവശ്യസാധനങ്ങൾ ശേഖരിക്കാനുമാണ് കപ്പൽ എത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ ചാരക്കപ്പൽ യുവാൻ വാങ് 5 ഇന്ത്യയുടെ അടുത്തെത്തുന്നത് ഭീഷണിയായാണ് രാജ്യം കാണുന്നത്. ഉപഗ്രഹങ്ങളിലെ അടക്കം സിഗ്നലുകൾ പിടിച്ചെടുത്ത് പരിശോധിക്കാൻ ചൈനയുടെ ചാരക്കപ്പലിനാവും. ഇതിനാൽ ശ്രീലങ്കയോട് അടുത്തുള്ള തമിഴ്നാട്ടിലെ ആണവ നിലയങ്ങളായ കൽപാക്കം, കൂടംകുളം, ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആർ.ഒ കേന്ദ്രം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. വി. എസ്. എസ്. സി ഉൾപ്പെടുന്ന കേരള തീരവും കപ്പലിന്റെ നിരീക്ഷണ പരിധിയിലാണ്.

സാമ്പത്തികമായി തകർന്ന ശ്രീലങ്കയ്ക്ക് മാസങ്ങളായി അവശ്യ സാധനങ്ങളടക്കം നൽകുന്നത് ഇന്ത്യയാണ്. എന്നിട്ടും ചൈനീസ് കപ്പൽ തടയാൻ ശക്തമായ നടപടി ശ്രീലങ്ക സ്വീകരിക്കാത്തതിൽ സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. ഇന്ത്യ എതിർപ്പിന് വ്യക്തമായ കാരണം പറയാത്തതിനാലാണ് കപ്പലിന് അടുക്കാൻ അനുമതി നൽകിയതെന്ന് ലങ്കൻ സർക്കാരിന്റെ ന്യായീകരണം.


യുവാൻ വാങ് 5.
ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്സ് വിഭാഗവും ചൈനീസ് സ്‌പേസ് ഏജൻസിയുമാണ് കപ്പൽ നിയന്ത്രിക്കുന്നത്

  • 730 അടി നീളം. 400 നാവികർ
  • ഉപഗ്രഹങ്ങളും ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങളും സൈനിക കേന്ദ്രങ്ങളും നിരീക്ഷിക്കുക മുഖ്യ ദൗത്യം.
  • ബഹിരാകാശ, ഇലക്ട്രോണിക്, സൈബർ യുദ്ധതന്ത്രങ്ങളിലും പങ്കാളി
  • 750 കിലോമീറ്റർ ആകാശ പരിധിയിലും കടലിലെയും കരയിലെയും സിഗ്നലുകൾ ചോർത്തും.
  • ഇതിന് ഭീമൻ ആന്റിനകളും സെൻസറുകളും