ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം, ഇനി ഒരിക്കലും അവരുടെ എയർവേസിൽ യാത്ര ചെയ്യില്ല; വിമാനത്തിലെ ദുരനുഭവത്തെക്കുറിച്ച് നസ്രിയ

Tuesday 16 August 2022 11:50 AM IST

ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം നസ്രിയ. സിനിമാ തിരക്കുകൾക്കിടയിലും ഇൻസ്റ്റഗ്രാമിലൂടെ തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. വിമാനത്തിൽ താൻ നേരിട്ട മോശം അനുഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ. തായ് എയർവേസിനെതിരെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ രംഗത്തെത്തിയിരിക്കുന്നത്. വിമാനത്തിൽവച്ച് ബാഗ് മോഷണം പോയെന്ന് പരാതിപ്പെട്ടപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് നടിയുടെ കുറിപ്പ്.

'ഏറ്റവും മോശം സർവീസാണ് തായ് എയർവേസിന്റേത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർവേസിന്റെ ഭാഗത്തുനിന്നോ ജീവനക്കാരുടെ ഭാഗത്തുനിന്നോ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. വിമാനത്തിൽ വച്ച് ബാഗ് നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ടപ്പോൾ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ല. ഇനി എന്റെ ജീവിതത്തിൽ ഒരിക്കലും തായ് എയർവേസിൽ യാത്ര ചെയ്യില്ല.' നസ്രിയ കുറിച്ചു. തായ് എയർവേസിനെ ടാഗ് ചെയ്‌തുകൊണ്ടാണ് കുറിപ്പ്.